തൃശൂർ
തൃശൂരിലെ എടിഎം കവർച്ചക്കേസിലെ പ്രതികളെ പിടികൂടാനായതിനുപിന്നിൽ കേരള പൊലീസിന്റെ ജാഗ്രത. സംഭവം അറിഞ്ഞയുടൻ കവർച്ചാസംഘത്തെ വലയിലാക്കാൻ തൃശൂർ സിറ്റി, റൂറൽ പൊലീസ് മറ്റുജില്ലകളിലെ പൊലീസിനെ ജാഗ്രതയിലാക്കി. തമിഴ്‌നാട് പൊലീസിനും വിവരം കൈമാറി. ഇതാണ് ആറുമണിക്കൂറിനകം പ്രതികളെ പിടികൂടാൻ സഹായകമായത്.
തൃശൂരിലെ കവർച്ച അറിഞ്ഞയുടൻ സിറ്റി പൊലീസ് കമീഷണർ ആർ ഇളങ്കോ പാലക്കാട്, കോയമ്പത്തൂർ, കൃഷ്ണഗിരി, സേലം ജില്ലകളിലേക്കും ജാഗ്രതാനിർദേശം നൽകി. ഒരേ സമയം നിരവധി എടിഎമ്മുകളിൽ കവർച്ച നടത്തുന്ന ഹരിയാന സംഘത്തെക്കുറിച്ചും കണ്ടെയ്‌നർ ലോറിയിൽ കാർ കടത്തുന്ന സംഘത്തെക്കുറിച്ചും സൂചന നൽകി. ഇതേത്തുടർന്ന് പുലർച്ചെ അഞ്ചുമുതൽ തമിഴ്‌നാട് പൊലീസ് കണ്ടെയ്‌നർ ലോറികൾ പരിശോധന ആരംഭിച്ചിരുന്നു.
ആദ്യം കവർച്ച നടന്ന മാപ്രാണം എടിഎം ശാഖയിലെ സുരക്ഷാ അലാറം എസ്‌ബിഐ കൺട്രോൾ റൂമിൽനിന്നും 22 മിനിറ്റിനുശേഷമാണ് പൊലീസിന് ലഭിച്ചത്. തൃശൂരിലേത് 50 മിനിറ്റും കോലഴിയിലേത് 20 മിനിറ്റും വൈകി. ഇത് അന്വേഷണത്തിന് തടസ്സമായി. സന്ദേശം ലഭിച്ചയുടൻ മാപ്രാണത്ത് പൊലീസ് പാഞ്ഞെത്തിയെങ്കിലും കൊള്ളക്കാർ രക്ഷപ്പെട്ടിരുന്നു. തൃശൂർ റൂറൽ എസ്‌പി നവനീത് ശർമയുടെ നേതൃത്വത്തിൽ ഉടൻ അന്വേഷണം ആരംഭിച്ചു. മാപ്രാണം ബ്ലോക്ക് ജങ്‌ഷനിലെ എടിഎം ശാഖയ്ക്ക് സമീപമുള്ള ഹോട്ടലിലെ സിസിടിവി കാമറയിലാണ് മോഷ്ടാക്കളുടെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നത്. മോഷ്ടാക്കളെത്തിയ കാറിന്റെ ദൃശ്യവും പൊലീസിന് ലഭിച്ചു. കാറിന്റെ നമ്പർ മറച്ചിരുന്നു. ഈ വിവരങ്ങളെല്ലാം ഉടൻ മറ്റു ജില്ലകളിലേക്ക് കൈമാറി. മൂന്നിടങ്ങളിലും ഡോഗ് സ്‌ക്വാഡും ബോംബ് സ്‌ക്വാഡും വിരലടയാള വിദഗ്‌ധരുമെത്തി പരിശോധന നടത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..