22 November Friday
മത്സ്യകൃഷി നടത്തുന്നത് ഒഴിവാക്കണം

കുളങ്ങള്‍ ഏറ്റെടുക്കാന്‍ കലക്ടര്‍ ഉത്തരവിട്ടു

വെബ് ഡെസ്‌ക്‌Updated: Monday Oct 28, 2024
ചാലക്കുടി
നഗരസഭ ഒന്നാം വാർഡിലെ ആശാരിപ്പാറ, താണിപ്പാറ റവന്യൂ പുറമ്പോക്ക് ഭൂമിയിലെ കുളങ്ങൾ അനധികൃതമായി ആർ-192 സൊസൈറ്റി കയ്യേറി മത്സ്യകൃഷി നടത്തുന്നത് ഒഴിവാക്കി കുളങ്ങൾ റവന്യൂ ഡിപ്പാർട്ടുമെന്റ് ഏറ്റെടുക്കാൻ കലക്ടർ ഉത്തരവിട്ടു. റവന്യൂ ഡിപ്പാർട്ടുമെന്റ് കുളങ്ങൾ അനധികൃതമായി സൊസൈറ്റിക്ക് ലീസിന് നല്കിയത് തെറ്റാണെന്ന് കാണിച്ചും നിലവിൽ കുളങ്ങളിലെ മത്സ്യസമ്പത്ത് കൊള്ളയടിക്കാൻ സൊസൈറ്റിയും നഗരസഭയും നടത്തിയ ഗൂഡാലോചനയുടെ ഭാഗമാണ് അനധികൃത മത്സ്യകൃഷിയെന്നും കാണിച്ച് സിപിഐ എം ചാലക്കുടി നോർത്ത് ലോക്കൽ കമ്മിറ്റി നഗരസഭാ സെക്രട്ടറിക്കും കലക്ടർക്കും പരാതി നല്കിയിരുന്നു. ഇതിൽ നടപടിയൊന്നും ഉണ്ടാകാതിരുന്ന സാഹചര്യത്തിൽ കുളങ്ങളിൽ ചൂണ്ടയിടൽ മത്സരം സംഘടിപ്പിക്കുകയും ചെയ്തു. ഇതിനെതിരെ സൊസൈറ്റി ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തു. കുളങ്ങൾ റവന്യൂ ഡിപ്പാർട്ടുമെന്റ് ഭൂമിയിലാണെന്നും ആയതിനാൽ നഗരസഭയ്‌ക്ക് മത്സ്യകൃഷിക്ക് അനുമതി നല്കാൻ അധികാരമില്ലെന്നും കോടതി കണ്ടെത്തി. 
സൊസൈറ്റിക്ക് മത്സ്യകൃഷി നടത്താൻ അവകാശമില്ലെന്നും കോടതി വിധിച്ചു. റവന്യൂ ഡിപ്പാർട്ടുമെന്റ് ഭൂമിയായതിനാൽ കലക്ടർക്ക് താൽക്കാലിക തീരുമാനമെടുക്കാമെന്നും കോടതി നിർദേശിച്ചു.  ഇതേ തുടർന്ന് സൊസൈറ്റിയുടെ കയ്യേറ്റം ഒഴുപ്പിച്ച് ഏറ്റെടുക്കാൻ തഹസിൽദാർ(ഭൂരേഖ)നോട് കലക്ടർ ഉത്തരവിട്ടു. ഇതോടൊപ്പം കുളങ്ങളിൽ നിന്നും മത്സ്യം പിടിച്ചെടുക്കുന്നതിന് സൊസൈറ്റിക്ക് കലക്ടർ മൂന്നാഴ്ചത്തെ സമയവും നല്കി. മത്സ്യകൃഷി നടത്തുന്നതിന് മുമ്പേ ലക്ഷങ്ങൾ വിലമതിക്കുന്ന മത്സ്യങ്ങൾ കുളത്തിലുണ്ടെന്നും മൂന്നാഴ്ചത്തെ സമയം കൊടുത്തിരിക്കുന്ന സാഹചര്യത്തിൽ സൊസൈറ്റി മത്സ്യസമ്പത്ത് കൊള്ളയടിക്കുമന്നും സിപിഐ എം ആരോപിച്ചു. മത്സ്യം പിടിക്കാൻ മൂന്നാഴ്ച സമയം കൊടുത്ത കലക്ടറുടെ നടപടിയിൽ പാർടി പ്രതിഷേധിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top