28 December Saturday
ബിജെപി അവരുടെ വഴിക്കുപോവും

ഇടതുപക്ഷത്തിനൊപ്പം: മേയർ

വെബ് ഡെസ്‌ക്‌Updated: Saturday Dec 28, 2024
തൃശൂർ
താൻ   ഇടതുപക്ഷത്തിനൊപ്പമാണെന്ന് മേയർ എം കെ വർഗീസ്.   ഇടതുപക്ഷ  ആശയങ്ങൾ നടപ്പാക്കാനാണ്‌ ശ്രമിക്കുന്നത്‌. മറ്റൊന്നും  മുന്നിലില്ല.  ഇടതുപക്ഷ ചട്ടക്കൂടിൽനിന്ന്‌  സൗഹൃദപരമായി നാടിന്റെ പുരോഗതിക്കുവേണ്ടി  നിലകൊള്ളും. ഇടതുപക്ഷ പ്രസ്ഥാനം ഇനിയും വരണമെന്ന്‌ മുന്നിൽ കണ്ട്‌ പ്രവർത്തിക്കുന്ന മേയറാണ്‌ താൻ. വർഗീയ പാർടിയായ ബിജെപി അവരുടെ വഴിക്കുപോവും.   തൃശൂരിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
     ക്രിസ്‌മസ്  ദിവസം എല്ലാവരും സ്നേഹം പങ്കുവയ്ക്കും. ആ ദിവസം കേക്കുമായി വരുന്നവരോട് വീട്ടിൽ കയറരുത് എന്ന് പറയുന്ന സംസ്കാരം തനിക്കില്ല.  ആരെങ്കിലും  കേക്ക്‌ കൊണ്ടുവന്നാൽ അവരുടെ കൂടെ പോകുമെന്നാണോ അർഥം.  താൻ ഔദ്യോഗിക സ്ഥാനത്തിരിക്കുന്ന വ്യക്തിയാണ്. പലരും വീട്ടിലേക്ക് വരാറുണ്ട്. ബിജെപിക്കാർ അനുവാദം ചോദിച്ചിട്ടല്ല വീട്ടിലേക്ക് വന്നത്.  
 ഇടതുപക്ഷ നയമനുസരിച്ചുള്ള മികച്ച വികസന പ്രവർത്തനങ്ങളാണ് തൃശൂർ നഗരത്തിൽ നടപ്പാക്കുന്നത്. അത് തടസ്സപ്പെടുത്താനാണ് ചിലർ ശ്രമിക്കുന്നത്.  ഇടതുപക്ഷം നിർദേശിക്കുന്ന എല്ലാ പരിപാടികളിലും പങ്കെടുക്കാറുണ്ട്.  
ക്രിസ്‌മസ് ദിവസം എല്ലാ രാഷ്ട്രീയ പാർടി ഓഫീസുകളിലും സർക്കാർ ഓഫീസുകളിലും കേക്ക് എത്തിക്കാറുണ്ട്.  ഇപ്രാവശ്യം കോർപറേഷൻ ജീവനക്കാർക്കും കേക്ക്‌ സമ്മാനിച്ചു. അത്‌ സ്നേഹ സന്ദേശമാണ്. 
ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ സമയത്ത്‌ സുരേഷ്‌ ഗോപി സ്ഥാനാർഥിയെന്ന നിലയ്‌ക്ക്‌ മേയറുടെ ഓഫീസിൽ വന്നിരുന്നു. മറ്റു സ്ഥാനാർഥികളാരും വന്നിരുന്നില്ല. ഈ വിഷയങ്ങളിൽ ഇടതുപക്ഷത്തിനൊപ്പമുള്ള വി എസ്‌  സുനിൽകുമാറിന്റെ വിമർശത്തിന്റെ അർഥം മനസ്സിലാവുന്നില്ലെന്നും മേയർ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top