28 December Saturday
വീട്ടമ്മയ്‌ക്ക്‌ പുതുജീവിതം

ഹൃദയം തുറക്കാതെ വാല്‍വ് മാറ്റി; 
തൃശൂര്‍ മെഡിക്കല്‍ കോളേജിൽ ചരിത്രം

വെബ് ഡെസ്‌ക്‌Updated: Saturday Dec 28, 2024

ഹൃദയം തുറക്കാതെ വാല്‍വ് മാറ്റിവച്ച തൃശൂര്‍ മെഡിക്കല്‍ കോളേജ് ടീം

തൃശൂ3ർ
ഹൃദയം തുറക്കാതെ അതിനൂതന സംവിധാനത്തിലൂടെ ഹൃദയ വാൽവ് മാറ്റി  തൃശൂർ സർക്കാർ മെഡിക്കൽ കോളേജ്‌. അക്കിക്കാവ് സ്വദേശിനിയായ  വീട്ടമ്മയുടെ വാൽവാണ്‌  മാറ്റിവച്ചത്.  നൂതന ചികിത്സയിലൂടെ രോഗിയുടെ ജീവൻ രക്ഷിച്ച തൃശൂർ മെഡിക്കൽ കോളേജിലെ ടീം അംഗങ്ങളെ  മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.
 നടക്കുമ്പോൾ കിതപ്പ്, ശ്വാസംമുട്ടൽ, നെഞ്ചുവേദന,   ബോധംകെട്ടുവീഴൽ എന്നീ രോഗലക്ഷണങ്ങളോടെയാണ് 74 വയസ്സുകാരി മെഡിക്കൽ കോളേജ് കാർഡിയോളജി ഒപിയിൽ വന്നത്.   പരിശോധനകളിൽ  ഹൃദയത്തിന്റെ അകത്തുള്ള അയോർട്ടിക് വാൽവ്  ചുരുങ്ങിയതായി കണ്ടെത്തി. 
    ഹൃദയം ശരീരത്തിലേക്ക് ആവശ്യമുള്ള രക്തം പമ്പ് ചെയ്യുമ്പോൾ അയോർട്ടിക് വാൽവിലൂടെയാണ്‌   കടന്നുപോവുക.  ഈ  വാൽവ് ചുരുങ്ങിയാൽ ശരീരത്തിന്റെ എല്ലാ ഭാഗത്തേക്കും വേണ്ടവിധം രക്തം പമ്പ് ചെയ്ത് എത്തിക്കാനാവില്ല. നെഞ്ചും ഹൃദയവും തുറന്ന്, ചുരുങ്ങിയ വാൽവ് മുറിച്ചു മാറ്റി കൃത്രിമ വാൽവ് ഘടിപ്പിക്കുന്ന ശസ്ത്രക്രിയയാണ് ഇതിനുള്ള പ്രധാന ചികിത്സ.  പ്രായാധിക്യം, ശാരീരികാവശത എന്നിവ മൂലം അവർക്ക് അതിന് സാധിക്കുമായിരുന്നില്ല. അതിനാൽ രോഗിയും ബന്ധുക്കളുമായി ചർച്ച ചെയ്ത്  സർജറി അല്ലാത്ത ടിഎവിആർ   നിശ്ചയിക്കുകയായിരുന്നു. 
  ഈ രോഗിയുടെ അയോർട്ടിക് വാൽവ് ജന്മനാ വൈകല്യമുള്ളതും  കാൽസ്യം അടിഞ്ഞുകൂടി കട്ടിയുള്ളതുമായതിനാൽ ചികിത്സ കൂടുതൽ സങ്കീർണമായിരുന്നു. അപകട സാധ്യതകൾ ഒഴിവാക്കാനുള്ള  മുൻകരുതലുകൾ സ്വീകരിച്ച്‌ കാർഡിയോളജി വിഭാഗം മേധാവി ഡോ. കരുണദാസിന്റെ നേതൃത്വത്തിലായിരുന്നു ചികിത്സ. മൂന്നു മണിക്കൂറോളമെടുത്ത് വിജയകരമായി പൂർത്തിയാക്കി. രോഗി സുഖംപ്രാപിച്ചുവരുന്നു.   
    കാർഡിയോളജിയിലെ ഡോക്ടർമാരായ ആന്റണി പാത്താടൻ, ബിജിലേഷ്, ഹരികൃഷ്ണ, നിതിൻ, എന്നിവരും അനസ്‌തേഷ്യ വിഭാഗം ഡോക്ടർമാരായ അമ്മിണിക്കുട്ടി, അരുൺ വർഗീസ്, ആതിര, ശ്രീലക്ഷ്മി എന്നിവരും ചേർന്നായിരുന്നു  ചികിത്സ.  ഡോ. ഷഫീക്ക് മട്ടുമ്മലും  സഹായിച്ചു. കാത്ത് ലാബ് ടെക്നീഷ്യന്മാരായ അൻസിയ, അമൃത, നഴ്‌സുമാരായ ബീന പൗലോസ്, രജനി, മീത്തു എന്നിവരും  പങ്കെടുത്തു.  ഉടൻ ശസ്ത്രക്രിയ ആവശ്യമായി വന്നാൽ ചെയ്യാനായി ഹൃദയ ശസ്ത്രക്രിയാ വിഭാഗത്തിലെ ഡോ. അഷ്റഫും സജ്ജമായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top