ചെറുതുരുത്തി
ദേശീയ കഥകളി മഹോത്സവത്തിന് തുടക്കമായി. കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ സഹകരണത്തോടെ ചെറുതുരുത്തി കഥകളി സ്കൂളിന്റെ നേതൃത്വത്തിൽ കേരള കലാമണ്ഡലം നിള ക്യാമ്പസിലാണ് കഥകളി മഹോത്സവം. കലാമണ്ഡലം ഗോപി ഉദ്ഘാടനം ചെയ്തു. ഈ വർഷത്തെ കളിയച്ഛൻ പുരസ്കാരം കഥകളി ആചാര്യൻ കലാമണ്ഡലം എം പി എസ് നമ്പൂതിരിക്കും നവജീവൻ പുരസ്കാരം മുതിർന്ന മാധ്യമപ്രവർത്തകൻ എം പി സുരേന്ദ്രനും സമ്മാനിച്ചു. ചുട്ടി കലാകാരി കലാമണ്ഡലം ബാർബറ വിജയകുമാർ, കഥകളി വേഷം കലാകാരൻ കലാമണ്ഡലം കേശവൻ നമ്പൂതിരി എന്നിവർക്ക് ഗുരുപൂജ പുരസ്കാരവും നൽകി.
സംഘാടകസമിതി ചെയർമാൻ വി മുരളി അധ്യക്ഷനായി. പി എം നാരായണൻ, അവാർഡ് ജേതാക്കളെ പരിചയപ്പെടുത്തി. കഥകളി സ്കൂൾ ഡയറക്ടർ കലാമണ്ഡലം ഗോപാലകൃഷ്ണൻ, കൃഷ്ണകുമാർ പൊതുവാൾ, വിപിൻ കൂടിയേടത്ത്, പി ജി രതീഷ്, കെ പി രവീന്ദ്രനാഥ് എന്നിവർ സംസാരിച്ചു. പുരസ്കാര ജേതാക്കൾ മറുപടി പ്രസംഗം നടത്തി. തുടർന്ന് കലാമണ്ഡലം ബാലസുബ്രഹ്മണ്യന്റെ രാവണോത്ഭവം ചൊല്ലിയാട്ടം നടന്നു. വൈകിട്ട് കഥകളി സ്കൂൾ കഥകളി അഭ്യസിപ്പിച്ച പെൺകുട്ടികളുടെ അരങ്ങേറ്റം, കർണാടകസംഗീതം, ചെണ്ട വിഭാഗങ്ങളുടെ അരങ്ങേറ്റം എന്നിവ നടന്നു. തുടർന്ന് നളചരിതം രണ്ടാം ദിവസം , ദുര്യോധനവധം കഥകളിയും അരങ്ങേറി.
28 ന് സമാപന സമ്മേളനം യു ആർ പ്രദീപ് എംഎൽഎ ഉദ്ഘാടനം ചെയ്യും. കലാമണ്ഡലം ക്ഷേമാവതി വിശിഷ്ടാതിഥിയാകും. തുടർന്ന് നൂറോളം വിദ്യാർഥിനികൾ പങ്കെടുക്കുന്ന മോഹിനിയാട്ടം, ഭരതനാട്യം, കുച്ചിപ്പുടി എന്നിവയുടെ അരങ്ങേറ്റവും നടക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..