തൃശൂർ
എസ്‌എസ്‌എൽസി അവസാന പരീക്ഷയും കഴിഞ്ഞിറങ്ങിയ വിദ്യാർഥികൾ ആഘോഷങ്ങൾക്ക് അകലം നൽകി വിദ്യാലയത്തോട് വിടപറഞ്ഞു. പരീക്ഷ നന്നായി എഴുതാൻ സാധിച്ചതിന്റെ സന്തോഷം പങ്കുവച്ചാണ് കോവിഡ് കാലത്തെ അത്യപൂർവ വിടവാങ്ങലിന് വിദ്യാലയ മുറ്റങ്ങൾ സാക്ഷിയായത്. കോവിഡിനെ തുടർന്ന് മാറ്റിവച്ച എസ്‌എസ്‌എൽസി പരീക്ഷ ഭംഗിയായി എഴുതാനായതിന്റെ സംതൃപ്‌തി വിദ്യാർഥികളിൽ പ്രകടമായിരുന്നു. ആഘോഷങ്ങൾ ഒഴിവാക്കാൻ വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയിരുന്നു. ഇതേത്തുടർന്ന് പരീക്ഷ അവസാനിക്കുന്ന ദിവസങ്ങളിൽ സാധാരണ സ്‌കൂൾ മുറ്റത്ത് കാണാറുള്ള നിറം പൂശൽ കൂട്ടംചേരൽ തുടങ്ങിയ ആഘോഷങ്ങൾ ഉണ്ടായില്ല. കോവിഡ് മാനദണ്ഡം പാലിച്ചാണ് രണ്ടാംഘട്ട പരീക്ഷ നടന്നത്. കർശന നിയന്ത്രണങ്ങളുടെ ഭാഗമായി പൊലീസിന്റേയും ആരോഗ്യ പ്രവർത്തകരുടേയും സാന്നിധ്യവുമുണ്ടായി. കോവിഡിന്റെയും ലോക്ക്ഡൗണിന്റെയും പശ്ചാത്തലത്തിൽ മാറ്റിവച്ച എസ്എസ്എസ്എൽസി പരീക്ഷ ചൊവ്വാഴ്‌ചയാണ് പുനഃരാരംഭിച്ചത്. കണക്ക്, ഫിസിക്സ്, കെമിസ്ട്രി എന്നീ പരീക്ഷകളാണ് രണ്ട് മാസം വൈകിയത്. അൽപ്പം കാത്തിരിക്കേണ്ടി വന്നെങ്കിലും മൂന്ന് പരീക്ഷയും എളുപ്പമായതിന്റെ ആശ്വാസത്തിലാണ് വിദ്യാർഥികൾ.
259 കേന്ദ്രങ്ങളിലായി 35,319 പേരാണ് ജില്ലയിൽ പരീക്ഷ എഴുതിയത്. മാർച്ച് മാസത്തിൽ പൂർത്തിയാക്കിയ ആദ്യഘട്ട പരീക്ഷയുടെ മൂല്യനിർണയ ക്യാമ്പുകൾ മെയ് 18ന് ആരംഭിച്ചിരുന്നു. ആദ്യമായാണ് പരീക്ഷ പൂർണമായി അവസാനിക്കുന്നതിന് മുമ്പ് മൂല്യനിർണയം ആരംഭിച്ചത്. പരീക്ഷകൾ പുനരാരംഭിക്കുന്നതിന് മുന്നോടിയായി മെയ് 22ന് ക്യാമ്പുകൾ വീണ്ടും നിർത്തിവച്ചിരുന്നു. ഇപ്പോൾ പൂർത്തിയാക്കിയ പരീക്ഷകളുടേതടക്കം മൂല്യനിർണയം ജൂൺ ഒന്നിന് ആരംഭിക്കും. ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ ശനിയാഴ്‌ചയാണ് അവസാനിക്കുക.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..