തൃശൂർ
കോവിഡ് അനന്തര കാർഷിക സ്വയംപര്യാപ്തതയുടെ ഭാഗമായി നടപ്പാക്കുന്ന സുഭിക്ഷ കേരളം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജൂൺ അഞ്ചിന് രാവിലെ പത്തിന് എസ്എൻപുരം പഞ്ചായത്തിൽ മന്ത്രി എ സി മൊയ്തീൻ നിർവഹിക്കും. ഓരോ കൃഷിഭവന്റെയും പരിധിയിൽ വ്യക്തികൾ, സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, തുടങ്ങിയവയുടെ കൈവശമുള്ള തരിശുകിടക്കുന്ന പാടങ്ങളിലും പറമ്പുകളിലും കൃഷി ചെയ്യുകയാണ് പദ്ധതിയുടെ മുഖ്യലക്ഷ്യം. കൃഷി വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വിവിധ വകുപ്പുകളുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.
നെല്ല്, ചെറുധാന്യങ്ങൾ, പയറിനങ്ങൾ, കിഴങ്ങുവർഗ വിളകൾ, വാഴ, പപ്പായ എന്നിവയ്ക്ക് മുൻഗണന നൽകി ഓരോ പ്രദേശത്തിന്റെയും കാർഷിക കാലാവസ്ഥയ്ക്ക് ഇണങ്ങുന്നതും വിപണിയിൽ ആവശ്യമുള്ളതുമായ വിളകൾ കൃഷി ചെയ്യാൻ വാർഷിക പദ്ധതികൾ പുനക്രമീകരിച്ച് അനുമതി നേടാനാണ് തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകിയ നിർദേശം.
ജില്ലയിൽ നെല്ല്, വാഴ, പച്ചക്കറി എന്നിവ 250 വീതം ഹെക്ടറിലും കിഴങ്ങ് 150 ഹെക്ടറിലും പയർ 20 ഹെക്ടറിലും ചെറുധാന്യം 10 ഹെക്ടറിലുമടക്കം 930 ഹെക്ടറിൽ തരിശ് കൃഷി ചെയ്യാനാണ് ലക്ഷ്യമിടുന്നത്. തരിശുകൃഷിക്ക് സബ്സിഡിയും ലഭ്യമാക്കും.
ജില്ലയിൽ ഏകദേശം 13.51 ലക്ഷം തൈകൾ വിതരണം ചെയ്യും. കൃഷി ഫാമുകൾ, വിഎഫ്പിസികെ, കാർഷിക സർവകലാശാല, സോഷ്യൽ ഫോറസ്ട്രി, എംജിഎൻആർഇജി, അഗ്രോ സർവീസ് സെന്റർ, കാർഷിക കർമസേന, കുടുംബശ്രീ എന്നിവയുടെ നേതൃത്വത്തിലാണ് തൈകൾ ഉൽപ്പാദിപ്പിച്ച് നൽകുന്നത്. തൈകൾ നടീൽ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായും നടപ്പാക്കും. ഫിഷറീസ് വകുപ്പ് പടുതാകുളങ്ങളിലെ മത്സ്യകൃഷി, കരിമീൻ കൃഷി തുടങ്ങിയവയും മൃഗസംരക്ഷണ വകുപ്പ് വിവിധ പദ്ധതികളും നടപ്പാക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..