തൃശൂർ
കോർപറേഷൻ ഓഫീസിലും ജില്ലാ ആശുപത്രിയിലും എത്തുന്ന കാർ യാത്രികരുടെ പാർക്കിങ് ബുദ്ധിമുട്ടിന് പരിഹാരമാകുന്നു. ജനറൽ ആശുപത്രിയിലും കോർപറേഷൻ ഓഫീസിലും ഇനി മൾട്ടിലെവൽ കാർപാർക്കിങ് സംവിധാനം. മൂന്ന് വണ്ടി ഇടുന്ന സ്ഥലത്ത് 12 വണ്ടി ഇടാവുന്ന വിധം ആറു നിലകളിലാണ് പാർക്കിങ് സൗകര്യം. രണ്ടിടങ്ങളിലുമായി 24 കാറുകൾ ഒരേ സമയം പാർക്കിങ് ചെയ്യാം. മുകളിലുള്ള മറ്റുകാറുകൾ മാറ്റാതെ ഏതുനിലയിലെ വണ്ടികളും ഇറക്കാൻ കഴിയുന്ന ‘ടവർ സ്‌റ്റാക്കർ’ എന്ന നൂതന സാങ്കേതിക സംവിധാനമാണ് ഉപയോഗിച്ചിട്ടുള്ളത്. ആകാശപ്പാത നിർമിച്ച് ചരിത്രം രചിച്ച തൃശൂർ കോർപറേഷൻ എൽഡിഎഫ് കൗൺസിൽ വീണ്ടും പുതുചരിത്രം രചിക്കുകയാണ്.
അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി 1 കോടി 88 ലക്ഷം ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്. മധ്യഭാഗത്തെ ലിഫ്‌റ്റിൽ കാർ നിർത്തി ചാനലിൽ വിരൽ അമർത്തിയാൽ ഒഴിവുള്ള കള്ളിയിൽ കാറെത്തും. തുടർന്ന് സ്‌മാർട് കാർഡ് ലഭിക്കും. ഈ കാർഡുമായി തിരിച്ചെത്തി പാനലിലിട്ടാൽ കാർ തിരിച്ചിറങ്ങും. കോർപറേഷൻ ഓഫീസിന്റെ മുൻഭാഗത്ത് ഇടതുവശത്തായാണ് പാർക്കിങ്. 88 ലക്ഷമാണ് ചെലവ്. ഇതിന്റെ ഇരുമ്പുഫ്രെയിം സ്ഥാപിച്ചു. മോട്ടോറും സ്ഥാപിച്ചു. ഈ ഇരുമ്പുഫ്രെയിമിന്റെ ചുറ്റും അടയ്‌ക്കും. ഇതിനാൽ മഴയും വെയിലും കൊള്ളില്ല. മുൻഭാഗം ഗ്ലാസിടും. മോട്ടോറുകളുടെ എണ്ണം കുറവായതിനാൽ അറ്റകുറ്റപണിയും കുറയും. ട്രയൽറൺ ഉടൻ നടക്കും.
കോർപറേഷൻ കീഴിലെ ജില്ലാ ജനറൽ ആശുപത്രിയുടെ മുൻവശത്താണ് പാർക്കിങ് സൗകര്യം ഒരുക്കിയിട്ടുള്ളത്. 1 കോടിയാണ് ചെലവ്. ചാനൽ സ്ഥാപിച്ച് ഇലക്‌ട്രിക് പണികൾ പൂർത്തിയായി വരികയാണ്. രണ്ടുമാസത്തിനകം മൾട്ടിലെവൽ പാർക്കിങ് സൗകര്യം നാടിന് സമർപ്പിക്കാനാണ് ലക്ഷ്യമെന്ന് മേയർ എം കെ വർഗീസ് പറഞ്ഞു. ശക്തൻ ബസ്‌സ്‌റ്റാൻഡ് ഉൾപ്പടെ വിവിധ പ്രദേശങ്ങളിൽ കൂടുതൽ വണ്ടികൾ ഇടാവുന്ന വിധം മൾട്ടിലെവൽ പാർക്കിങ് സൗകര്യം വിപുലമാക്കാനും പദ്ധതിയുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..