ഗുരുവായൂർ
ഗുരുവായൂർ ക്ഷേത്രത്തിൽ തൃപ്പുത്തരി ആഘോഷിച്ചു. ക്ഷേത്രത്തിൽ നടന്ന ഇല്ലം നിറയുടെ ഭാഗമായി ലഭിച്ച നെൽകതിരുകൾ അരിയാക്കി വിശേഷ നിവേദ്യമായ പുത്തരിപ്പായസം ഉണ്ടാക്കി നേതിക്കുന്ന ചടങ്ങാണ് തൃപ്പുത്തരി. രാവിലെ 9.35 മുതൽ 11.40 വരെയുള്ള മുഹൂർത്തത്തിൽ തൃപ്പുത്തരിയുടെ അരിയളവ് ചടങ്ങ് നടന്നു. പുന്നെല്ലിന്റെ അരി കൊണ്ട് നിവേദ്യവും പുത്തരിപ്പായസവും അപ്പവും തയാറാക്കി ദേവനും ഉപദേവതകൾക്കും പരിദേവതകൾക്കും സമർപ്പിച്ചു.
തന്ത്രി ചേന്നാസ് കൃഷ്ണൻ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിലായിരുന്നു ചടങ്ങുകൾ. പുത്തരിപ്പായസവും, ഉപ്പുമാങ്ങയും പത്തിലക്കറിയും പുത്തരിചുണ്ട മെഴുക്കുപുരട്ടിയും വിശേഷ വിഭവങ്ങളായി ക്ഷേത്രത്തിൽ ഉച്ചപൂജ നേരത്ത് നേദിച്ചു. ജനങ്ങൾക്കായി 1200 ലിറ്റർ പുത്തരിപ്പായസം ക്ഷേത്രത്തിൽ തയ്യാറാക്കിയിരുന്നു. നേദിച്ച ശേഷം പുത്തരിപ്പായസം ഭക്തർക്ക് വഴിപാട് പ്രസാദമായി നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..