20 December Friday

സുരക്ഷയില്ലാതെ എടിഎമ്മുകൾ,

സി എ പ്രേമചന്ദ്രൻUpdated: Sunday Sep 29, 2024
തൃശൂർ 
കോടിക്കണക്കിന്‌ രൂപ നിറയ്‌ക്കുമ്പോഴും  ബാങ്കുകളുടെ എടിഎമ്മുകളിൽ സുരക്ഷാ ജീവനക്കാരില്ല.  സിസിടിവി കാമറകൾ സ്ഥാപിച്ചുവെന്ന  പേരിൽ   ദേശസാൽകൃത ബാങ്കുകളിൽ സുരക്ഷാജീവനക്കാരെ പിൻവലിക്കുകയായിരുന്നു.  പല സിസിടിവികളും നോക്കുകുത്തികളാണ്‌. കേന്ദ്രസർക്കാർ  ജനകീയ ബാങ്കിങ്ങിന്‌ പകരം ലാഭം ലക്ഷ്യമാക്കി   ജീവനക്കാരെ വെട്ടിക്കുറയ്‌ക്കുകയും എടിഎമ്മുകളിൽ  സുരക്ഷാ ജീവനക്കാരെ പിൻവലിക്കുകയും ചെയ്‌തതോടെ  പണത്തിന്‌ സുരക്ഷയില്ലാതാവുകയാണ്‌.    
ബാങ്കുകൾ പ്രവർത്തിക്കുന്ന കെട്ടിടങ്ങളിൽ സുരക്ഷാ ജീവനക്കാരെ നിയോഗിക്കുന്നത്‌   അനുബന്ധ എടിഎമ്മുകളുടെ സുരക്ഷയ്‌ക്ക്‌ സഹായകമാകാറുണ്ട്‌. എന്നാൽ പല ബാങ്കുകളും അതും പിൻവലിച്ചു.  മികച്ച എടിഎം, സിസിടിവി, അലാം എന്നിവ സ്ഥാപിക്കണമെന്നാണ്‌   റിസർവ്‌ ബാങ്ക്‌ നിർദേശം. എന്നാൽ  സന്ദേശം എത്തുന്നത്‌ പലപ്പോഴും വൈകുന്നു. വെള്ളിയാഴ്‌ച  തൃശൂർ–-ഷൊർണൂർ റോഡിലെ എടിഎം കവർച്ച നടന്നശേഷം   എസ്‌ബിഐ കൺട്രോൾ റൂമിൽനിന്നും 50 മിനിറ്റുകൾക്കുശേഷമാണ്‌  പൊലീസിന്‌ സുരക്ഷാ അലാം ലഭിച്ചത്‌.  
നേരത്തേ എടിഎമ്മുകളിൽ പണം നിറച്ചിരുന്നത്‌ ബാങ്ക്‌ ഉദ്യോഗസ്ഥരാണ്‌.  ഇത്‌ പുറംകരാറുകാരെ ഏൽപ്പിച്ചു.  എടിഎം സർവീസും പുറം കരാർ എടുക്കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാരാണ്‌   ചെയ്യുന്നത്‌. അവർക്ക്‌  എടിഎമ്മുകളുടെ എല്ലാ  സാങ്കേതിക വിദ്യയും  അറിയാം. 
 ഇവർ പലരും സ്ഥിരം ജീവനക്കാരല്ല. ബാങ്കുകളുമായി  ബന്ധവുമില്ല.  എടിഎം  സാങ്കേതിക വിദ്യയും പണം നിറയ്‌ക്കുന്ന വിവരങ്ങളും കൈമാറ്റം ചെയ്യപ്പെടാൻ സാധ്യതയുണ്ട്‌. ബാങ്കുകളിൽനിന്ന് പണം കൊണ്ടുപോകുമ്പോൾ  തോക്കേന്തിയ ജീവനക്കാരന്റെ അകമ്പടി വേണമെന്നാണ് ചട്ടം. സുരക്ഷാ ജീവനക്കാരന്റെ ശമ്പളം ലാഭിക്കാൻ ഏജൻസികൾ അതും പാലിക്കാറില്ല.  
പുറം കരാർ സംവിധാനം നിർത്തലാക്കണമെന്ന്‌  ബാങ്ക്‌ ജീവനക്കാരുടെ സംഘടനകൾ  ആവശ്യപ്പെട്ടിരുന്നതായി ബിഇഎഫ്‌ഐ സംസ്ഥാന ജനറൽ സെക്രട്ടറി എൻ സനിൽ ബാബു പറഞ്ഞു. എന്നാൽ  കേന്ദ്രസർക്കാരും ബാങ്ക്‌ മാനേജ്‌മെന്റുകളും മുഖം തിരിഞ്ഞു നിൽക്കുകയാണ്‌.  ബാങ്കുകളിലെ അധികപണം നിക്ഷേപിക്കാനും പിൻവലിക്കാനുമുള്ള  കറൻസി ചെസ്‌റ്റുകളുടെ പ്രവർത്തനങ്ങളും പുറംകരാർ നൽകുകയാണെന്നും അദ്ദേഹം പറഞ്ഞു. 
 ആർബിഐ  കണക്കുപ്രകാരം കേരളത്തിൽ 12000ൽപ്പരം  എടിഎമ്മുകളുണ്ട്‌. ഒരു എടിഎമ്മിൽ കുറഞ്ഞത്‌ 25 ലക്ഷം കണക്കാക്കിയാൽ 3000 കോടി രൂപ വരും.  എന്നാൽ  വളരെ ലാഘവത്തോടെയാണ്‌ എടിഎം കൈകാര്യം ചെയ്യുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top