ആമ്പല്ലൂർ
സംസ്ഥാന മൃഗ സംരക്ഷണ വകുപ്പ് നടപ്പാക്കുന്ന ഗോവർധിനി പദ്ധതിക്ക് ജില്ലയിൽ തുടക്കം. അളഗപ്പനഗർ പഞ്ചായത്ത് ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിൻസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ രാജേശ്വരി അധ്യക്ഷയായി.
കിടാരികള്‍ക്ക് 18 മാസം വരെ 50 ശതമാനം സബ്‌സിഡി നിരക്കില്‍ ഗുണമേന്മയുള്ള കാലിത്തീറ്റ ലഭ്യമാക്കുന്ന പ്രത്യേക കന്നുകുട്ടി പരിപാലന പദ്ധതിയാണ് ഗോവർധിനി. സംസ്ഥാനത്ത് ഈ വര്‍ഷം 35,589 കിടാരികള്‍ക്കാണ് പദ്ധതി നടപ്പിലാക്കുന്നത്. തൃശൂര്‍ ജില്ലയില്‍ 4,100 കിടാരികളാണ് പദ്ധതിയിൽ ഉള്‍പ്പെട്ടിട്ടുള്ളത്. പത്ത് കോടിയില്‍പ്പരം രൂപയാണ് പദ്ധതിയുടെ മൊത്തം അടങ്കല്‍ തുക. പദ്ധതി നടപ്പിലാക്കുന്നത് വഴി പശുക്കുട്ടികള്‍ നേരത്തേ ഗര്‍ഭവതികള്‍ ആകുന്നതിനും ഉയര്‍ന്ന പാലുല്‍പ്പാദനം ലഭ്യമാകുന്നതിനും ലക്ഷ്യമിടുന്നു.
ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഭാഗ്യവതി ചന്ദ്രൻ, ഡെപ്യൂട്ടി ഡയറക്ടർമാരായ കെ ബി ജിതേന്ദ്ര കുമാർ, ഡോ. ബീന എലിസബത്ത് ജോൺ, സീനിയർ വെറ്ററിനറി സർജൻ ഡോ. ഡീന ആന്റണി, അസി. പ്രോജക്ട് ഓഫീസർ ഡോ. എ വി പ്രകാശൻ, അസി. ഡയറക്ടർ കെ ആർ അജയ് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..