തൃശൂർ
സംസ്ഥാനത്തെ ആദ്യ അന്താരാഷ്ട്ര ശാസ്ത്ര ചലച്ചിത്രോത്സവത്തിന് വെള്ളിയാഴ്ച തൃശൂർ രാമവർമപുരം വിജ്ഞാൻ സാഗർ സയൻസ് ആൻഡ് ടെക്നോളജി പാർക്ക് സമുച്ചയത്തിൽ തിരിതെളിയും. രാവിലെ 9.30ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിൻസ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് സമേതത്തിന്റെ ആഭിമുഖ്യത്തിൽ ഐഎഫ്എഫ്ടി ചലച്ചിത്രകേന്ദ്രം, കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, ഭൗമം സോഷ്യൽ ഇനീഷിയേറ്റീവ് എന്നിവയുടെ സഹകരണത്തോടെയാണിത് ചലച്ചിത്രോത്സവം.
കുന്നംകുളം ബെഥനി, കൊരട്ടി എൽഎഫ്, പാവറട്ടി സ്കൂളിൽ നിന്നുള്ള ചിത്രങ്ങൾ, ശാസ്ത്രജ്ഞരുടെ ബയോപിക്കുകൾ, ഡേവിഡ് ആറ്റൻ ബറോയുടെ റിട്രോസ്പെക്റ്റീവ്, ലോകത്തിലെ ശാസ്ത്ര ചാനലുകളെ പരിചയപ്പെടുത്തുന്ന പാക്കേജ്, പുരസ്‌കാരങ്ങൾ ലഭിച്ച ഇന്ത്യൻ ഡോക്യുമെന്ററികൾ, ശാസ്ത്രം പ്രമേയമായി വരുന്ന മലയാളം, ഇംഗ്ലീഷ് ഫിക്ഷൻ വിഭാഗം എന്നീ കാറ്റഗറികളിലായി 30 സിനിമ പ്രദർശിപ്പിക്കും. വിദ്യാർഥികൾക്കായി സയൻസ്, കണക്ക് ക്വിസുകളും റൊബോട്ടിക് വർക്ക്‌ഷോപ്പും നടത്തും. ഡോ.എൻ ഷാജി, പി എൽ ജോമി എന്നിവരുടെ പ്രഭാഷണം, പ്രവീൺകുമാർ രാജ, ആനന്ദ് മുരളി, ഗോപികൃഷ്ണൻ, ഡോ.കെ കെ അബ്ദുള്ള, തുടങ്ങിയവർ ക്യൂറേറ്റ് ചെയ്യുന്ന സിനിമ പാക്കേജുകൾ എന്നിവയുണ്ടാകും. ഫെസ്റ്റിവൽ ബുക്ക്, ശാസ്ത്ര സിനിമകളുടെ സംവിധായകരും ക്യൂറേറ്ററും പങ്കെടുക്കുന്ന ഓപ്പൺ ഫോറം എന്നിവയും നടക്കും. രാത്രി 7മുതൽ 10 വരെ ആകാശകാഴ്ചയും കാണാം. ശനിയാഴ്ച മേള സമാപിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..