തൃശൂർ
തൃശൂർ ഐഎംഎ ബ്ലഡ് ബാങ്കിന് രണ്ട് ദേശീയ പുരസ്‌കാരങ്ങൾ. ഏറ്റവും കൂടുതൽ രക്തം ശേഖരിച്ച് വിതരണം ചെയ്തതിന് ദേശീയ തലത്തിൽ ഒന്നാം സ്ഥാനവും ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ മികച്ച ബ്രാഞ്ച് പ്രസിഡന്റിനുള്ള ദേശീയ അവാർഡ് തൃശൂർ ഐഎംഎ പ്രസിഡന്റ് ഡോ. ജോസഫ് ജോർജിനും ലഭിച്ചു. സംസ്ഥാന പുരസ്കാരവും, ഔട്ട് സ്റ്റാൻഡിങ് ലീഡർഷിപ് അവാർഡും അദ്ദേഹത്തിന് ലഭിച്ചിരുന്നു.
രക്ത ബാങ്ക് വഴി ഒരു വർഷം - 17700 ബാഗ് രക്തം ശേഖരിച്ചു. 250 രക്തദാന ക്യാമ്പുകൾ വഴി 10650 പേരിൽ നിന്ന് രക്തം ശേഖരിച്ചു. -35150 യൂണിറ്റ് വിതരണം ചെയ്‌തു. ഈ പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് അംഗീകാരം. കേരള സർക്കാരിന്റെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്തിന്റെയും ഐഎംഎ തൃശൂർ ബ്രാഞ്ചിന്റെയും സംയുക്ത സംരംഭമാണ് രാമവർമപുരത്തുള്ള തൃശൂർ ഐഎംഎ ബ്ലഡ് ബാങ്ക്. സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ രക്തം ലഭ്യമാക്കുന്നുണ്ട്. ദിവസവും 24 മണിക്കൂർ പ്രവർത്തിക്കുന്നു. സംസ്ഥാന ആസൂത്രണ ബോർഡ് മാതൃക രക്ത ബാങ്കായി അംഗികരിച്ചിട്ടുണ്ട്. സംഭരിച്ച രക്തം ലോകാരോഗ്യ സംഘടന നിർദേശിച്ച രീതിയിൽ രോഗാണു വിമുക്തമാണെന്ന് ഉറപ്പാക്കും. പൂർണ രക്തമായും, രക്തത്തെ വിഭജിച്ചു ഘടകങ്ങളാക്കിയും നിർദേശിക്കുന്ന ഊഷ്മാവിൽ രക്തബാങ്കിൽ സൂക്ഷിച്ചാണ് നൽകുന്നത്. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള രോഗികൾക്കും ഹിമോഫിലിയ രോഗികൾക്കും സൗജന്യമായും ക്യാൻസർ രോഗികൾ, ഡയാല്യസിസിന് വിധേയമാക്കുന്നവർ എന്നിവർക്ക് 50 ശതമാനം വരെ സബ്‌സിഡിയും നൽകുന്നു.
ഡോ. വി കെ ഗോപിനാഥനാണ് ഡയറക്ടർ. രക്തബാങ്കിൽ ഇമ്മുണോ ഹിമറ്റൊളജി, ന്യൂക്ലീക് ആസിഡ് ടെസ്റ്റിങ്, അത്യാധുനിക മെഡിക്കൽ ആൻഡ് ഡയഗ്നോസ്റ്റിക് ലബോറട്ടറി, ലൈബ്രറി, സെമിനാർ ഹാൾ, സ്റ്റാഫ് ഡ്യൂട്ടി റൂം എന്നിവ ഉൾപ്പെടുത്തി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ ലക്ഷ്യമിടുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..