തൃശൂർ
കേന്ദ്ര സർക്കാരിന്റെ പെസോ നിയമ ഭേദഗതികാരണം പാറമേക്കാവ്–- തിരുവമ്പാടി ദേവസ്വം വേലവെടിക്കെട്ടിന് അനുമതി ലഭിക്കാത്തതോടെ പൊളിയുന്നത് ബിജെപിയുടെ അവകാശവാദം. വെടിക്കെട്ടിനു കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഭേദഗതി ചെയ്യണമെന്ന പൂരക്കമ്മിറ്റിക്കാരുടെ ആവശ്യത്തിൽ ഇടപെടുമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഉറപ്പു നൽകിയിരുന്നു. എല്ലാം ശരിയാക്കാമെന്നായിരുന്നു ദേവസ്വം പ്രതിനിധികളോട് പറഞ്ഞത്. പൂരത്തിന് പുതിയ മാർഗരേഖ കൊണ്ടുവരുമെന്നും പ്രഖ്യാപിച്ചു. എന്നാൽ ഇതെല്ലാം വെറും വാക്കാവുകയും അശാസ്‌ത്രീയമായ നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കുകയുമാണ് ചെയ്‌തത്.
മൂന്നു മാസം മുമ്പ് അസാധാരണ ഗസറ്റ് വിജ്ഞാപനത്തിലൂടെയാണ് കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രാലയം വെടിക്കെട്ട് നടത്തിപ്പ് പ്രതിസന്ധിയിലാക്കുന്ന ഉത്തരവ് ഇറക്കിയത്. സുരേഷ് ഗോപി മന്ത്രിയായ വകുപ്പിൽ നിന്ന് തന്നെയാണ് ഈ ഉത്തരവ് ഇറങ്ങിയത്. വെടിക്കെട്ട് മുടങ്ങുമെന്ന ആശങ്ക പങ്കുവെക്കുമ്പോൾ അതെല്ലാം പരിഹരിക്കാം ഒന്നും മുടങ്ങില്ലെന്നാണ് ബിജെപി നിരന്തരം പറഞ്ഞിരുന്നത്. തൃശൂർ പൂരമടക്കമുള്ള എല്ലാ ഉത്സവങ്ങളെയും പെസൊ നിയമ ഭേദഗതി ബാധിക്കുമെന്നതാണ് യാഥാർഥ്യം. വെടിക്കെട്ടു സംബന്ധിച്ച കേന്ദ്ര സർക്കാരിന്റെ പുതിയ വിജ്ഞാപനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കെ രാധാകൃഷ്‌ണൻ എംപി അടക്കമുള്ള എൽഡിഎഫ് നേതാക്കൾ ഇടപെടൽ നടത്തി. എംപി പ്രധാനമന്ത്രിക്ക് കത്ത് നൽകുകയും ചെയ്‌തിരുന്നു.
തൃശൂർ പൂരം വെടിക്കെട്ട് നടക്കുന്ന തേക്കിൻകാട് മൈതാനത്ത് തന്നെയാണ് പാറമേക്കാവ്–- തിരുവമ്പാടി വേല വെടിക്കെട്ടും നടക്കുന്നത്. ഇവിടെ വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിക്കുന്ന പുരയും വെടിക്കെട്ട് നടക്കുന്ന സ്ഥലവും തമ്മിൽ 78 മീറ്റർ മാത്രമാണ് ദൂരമെന്നതാണ് അനുമതി നിഷേധിക്കാൻ കാരണം. പുതിയ കേന്ദ്ര നിയമപ്രകാരം ദൂരപരിധി 200 മീറ്ററാണ്. ഇതുപ്രകാരം തേക്കിൻകാട് മൈതാനത്ത് വെടിക്കെട്ട് നടത്താനാകില്ല. 2008ലെ നിയമപ്രകാരം വെടിക്കെട്ട് ഫയർലൈൻ പരിധി 45 മീറ്ററായിരുന്നു. ഇത് കുറയ്‌ക്കണമെന്ന ആവശ്യം ഉയരുന്നതിനിടയിലാണ് കേന്ദ്രം ദൂരപരിധി വർധിപ്പിച്ചത്. പുതിയ ഭേദഗതിപ്രകാരം വെടിക്കെട്ട് സ്ഥലത്ത് ബാരിക്കേഡ് കെട്ടി നിർത്തണം. ഇവിടെനിന്ന് 100 മീറ്റർ അകലെയായിരിക്കണം കാണികൾ. ഇതനുസരിച്ച് വെടിക്കെട്ട് പുരയിൽനിന്ന് 300 മീറ്റർ അകലെയാകും കാണികളുടെ സ്ഥാനം. ജനങ്ങൾക്ക് സ്വരാജ് റൗണ്ടിന്റെ പരിസരത്തുള്ള റോഡിൽപ്പോലും നിൽക്കാനാകില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..