23 December Monday

പീച്ചി ഡാം തുറന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Jul 30, 2024

വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്നതിനാല്‍ പീച്ചി ഡാമിന്റെ ഷട്ടറുകൾ തുറന്നപ്പോൾ ഫോട്ടോ: ജഗത് ലാൽ

തൃശൂർ
വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്നതിനാൽ പീച്ചി അണക്കെട്ട്‌ തുറന്നു. ആദ്യം നാല് ഷട്ടറുകൾ 7.5 സെന്റീമീറ്റർ വീതമാണ് തുറന്നത്‌. രാത്രിയോടെ ഡാമിന്റെ ഷട്ടറുകൾ 30 സെന്റീമീറ്ററായി ഉയർത്തി. ജലനിരപ്പ് 78.25 മീറ്റർ എത്തിയതിനെത്തുടർന്നാണ്‌ അണക്കെട്ട്‌ തുറന്നത്‌. 
    79.25 മീറ്ററാണ് പരമാവധി ജലനിരപ്പ്. അണക്കെട്ടിലേക്കുള്ള ശക്തമായ നീരൊഴുക്കും വരും ദിവസങ്ങളിലെ കനത്ത മഴ സാധ്യതയും കണക്കിലെടുത്താണ് നടപടി. പീച്ചി ഡാമിന്റെ റിവർ സ്ലൂയിസ് തുറന്ന് പരമാവധി 0.5 മില്ലി മീറ്റർ ക്യൂബിക് ജലം കെഎസ്ഇബിക്ക് വൈദ്യുതി ഉൽപ്പാദനത്തിന് നൽകുന്നുണ്ട്‌. 
അണക്കെട്ട്‌ തുറന്നതുമൂലം മണലി, കരുവന്നൂർപ്പുഴകളിലെ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്‌. പൊതുജനങ്ങളും കുട്ടികളും പുഴയിൽ ഇറങ്ങുന്നതും കുളിക്കുന്നതും വസ്ത്രങ്ങൾ അലക്കുന്നതും ഫോട്ടോ എടുക്കൽ, മീൻ പിടിത്തം എന്നിവയ്‌ക്കും കർശന നിയന്ത്രണം ഏർപ്പെടുത്തി.  
വാഴാനി, പെരിങ്ങൽക്കുത്ത്, പൂമല, അസുരൻകുണ്ട്, പത്താഴക്കുണ്ട് എന്നീ അണക്കെട്ടുകളും തുറന്നു. 
വാഴാനി അണക്കെട്ടിന്റെ നാല് ഷട്ടറുകൾ മൂന്ന് സെന്റിമീറ്റർകൂടി തുറന്ന്‌ എട്ട്‌ സെന്റിമീറ്ററാക്കി ഉയർത്തി.
പത്താഴക്കുണ്ട് അണക്കെട്ടിന്റെ മൂന്ന്  ഷട്ടറുകൾ രണ്ട് സെന്റീമീറ്റർ വീതം തുറന്നു. അധിക ജലം ഒഴുകിപ്പോകുന്ന പത്താഴക്കുണ്ട് ചീർപ്പ്, മിണാലൂർ തോട്, കുറ്റിയങ്കാവ് തോട്, പെരിങ്ങണ്ടൂർ തോട് എന്നിവയുടെ സമീപത്തുള്ള  ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മൈനർ ഇറിഗേഷൻ ഉപവിഭാഗം അസി. എക്സി. എൻജിനിയർ അറിയിച്ചു.
പൂമല ഡാമിന്റെ രണ്ട് സ്പിൽവേ ഷട്ടറുകൾ മൂന്നു സെന്റിമീറ്റർ വീതം തുറന്നിട്ടുണ്ട്‌. പെരിങ്ങൽക്കുത്ത് ഡാമിന്റെ ഒന്നാം ഷട്ടർ അഞ്ചടിയും തുറന്നു. അസുരൻകുണ്ട് ഡാമിന്റെ ഷട്ടറുകൾ 10 സെന്റിമീറ്റർ വീതമാണ്‌ തുറന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top