തൃശൂർ
കുട്ടികളുടെ അഭിരുചി കണ്ടെത്തി, അനുയോജ്യമായ ഉന്നതപഠനത്തിലേക്കും തൊഴിലിലേക്കും നയിക്കാൻ സ്റ്റാർസ് ലീപ് പദ്ധതിയുമായി സമഗ്ര ശിക്ഷ കേരളം. എട്ട്, പത്ത് ക്ലാസിലെ വിദ്യർഥികളാണ് ഇതിലുൾപ്പെടുക. വിദ്യാർഥികളുടെ സാമൂഹിക സാഹചര്യം വിലയിരുത്തുകയാണ് ആദ്യപടി. അസാപ് ചിട്ടപ്പെടുത്തിയ സൈക്കോ മെട്രിക്ക് ടെസ്റ്റ് ഓൺലൈനായി നടത്തും. വ്യക്തിത്വ സവിശേഷതകളും ഗുണങ്ങളും ഇതിലൂടെ വിലയിരുത്തി ഏത് തൊഴിലാണ് യോജിച്ചതെന്ന് കണ്ടെത്താനാകും. അഭിരുചിക്ക് യോജിച്ച ജോലിയിൽ ശോഭിക്കാൻ മെച്ചപ്പെടുത്തേണ്ടത് എന്തൊക്കെയെന്ന വിലയിരുത്തലുമുണ്ടാകും. സൈക്കോ മെട്രിക്ക് പരീക്ഷയ്ക്കുശേഷം പ്രത്യേക റിപ്പോർട്ട് കാർഡുണ്ടാകും. റിപ്പോര്‍ട്ട് കാര്‍ഡ് പ്രകാരം സ്കൂള്‍ കൗണ്‍സിലര്‍ വിദ്യാര്‍ഥികളെ കൗണ്‍സിലിങ്ങിന് വിധേയരാക്കും. പത്താം ക്ലാസുകാർക്ക് കരിയർ കൗൺസിലിങ്ങുമുണ്ടാകും. രക്ഷാകർത്താക്കളെയും കൗൺസിലിങ്ങിന് വിധേയമാക്കും. വിദ്യാര്‍ഥികളുടെ പുരോഗതി വിലയിരുത്തി, തുടർച്ചയായി മാർഗനിർദേശങ്ങൾ നൽകും. ഉപരിപഠന സാധ്യതയും തൊഴിൽ സാധ്യതകളും പരിചയപ്പെടുത്തും. ഹയർ സെക്കൻഡറി, എൻഎസ് ക്യുഎഫ് കോമ്പിനേഷൻ, ഐടിഐ, പോളിടെക്നിക് കോഴ്സുകൾ, എൻഐഒഎസ്, ടെക്നിക്കൽ സ്കൂൾ, സർട്ടിഫിക്കറ്റ് കോഴ്സ്, ഡെവലപ്മെന്റ് സെന്ററുകൾ, ടെക്നിക്കൽ ഹയർസെക്കൻഡറി കോഴ്സുകൾ, ഏകജാലക സംവിധാനം എന്നിവ പരിചയപ്പെടുത്തും.
ജില്ലയിൽ അന്തിക്കാട്, ചാലക്കുടി, ചാവക്കാട്, ചേർപ്പ്, ചൊവ്വന്നൂർ, ഇരിങ്ങാലക്കുട, കൊടകര, കൊടുങ്ങല്ലൂർ, മാള, മതിലകം, മുല്ലശേരി, ഒല്ലൂക്കര, പഴയന്നൂർ, പുഴയ്ക്കൽ, തളിക്കുളം, യുആർസി തൃശൂർ, വെള്ളാങ്ങല്ലൂർ, വടക്കാഞ്ചേരി ബിആർസികളിലായി തെരഞ്ഞെടുത്ത 7200 എട്ടാംക്ലാസുകാരും 3600 പത്താം ക്ലാസുകാരുമാണ് പദ്ധതിയിലുൾപ്പെടുന്നത്.
പത്താംക്ലാസുകാർക്കുള്ള കൗൺസിലിങ്ങുകൾ പൂർത്തിയായെന്ന് എസ്എസ്‌കെ ജില്ലാ കോ ഓർഡിനേറ്റർ എൻ ജെ ബിനോയ് പറഞ്ഞു. എട്ടാം ക്ലാസുകാരുടേത് ഈ ആഴ്ച പൂർത്തിയാകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..