03 November Sunday

പുന്നത്തൂര്‍ കോവിലകത്തിന് 
പുതുശോഭ

ടി ബി ജയപ്രകാശ്‌Updated: Friday Aug 30, 2024

പുന്നത്തൂര്‍ കോവിലകം (ഫയൽ ചിത്രം)

ഗുരുവായൂർ
നാല് നൂറ്റാണ്ടിലധികം പഴക്കമുള്ള  പുന്നത്തൂർ കോവിലകത്തിന്‌ പൂർവകാല ശിൽപ്പചാതുരിയോടെ നവീകരണം. നിർമാണപ്രവർത്തികൾ ആരംഭിച്ചു.  ഗുരുവായൂർ ദേവസ്വത്തിന്റെ മുൻകൈയിലാണ്‌ കോവിലകം നവീകരിക്കുന്നത്‌. ​ഗുരുവായൂർ ആനത്താവളത്തിന്റെ മധ്യഭാ​ഗത്താണ് പുന്നത്തൂർ രാജവംശത്തിന്റെ ആസ്ഥാനമായിരുന്ന കോവിലകവും  ക്ഷേത്രങ്ങളും.  
  1975 ൽ പുന്നത്തൂർ രാജകുടുംബം വക  9.75 ഏക്കർ സ്ഥലവും കോവിലകവും 1.6 ലക്ഷം രൂപക്ക് ഗുരുവായൂർ ദേവസ്വം വിലക്ക് വാങ്ങി.  ആനത്താവളം ഇങ്ങോട്ട് മാറ്റി. കോവിലകം വളപ്പിനോട്‌ ചേർന്ന 9 ഏക്കർ ഭൂമി കൂടി ദേവസ്വം ഏറ്റെടുത്തു.   കാലപ്പഴക്കത്തെ തുടർന്ന്   കെട്ടിടം ക്ഷയിച്ചു. കോവിലകത്തിന്റെ പ്രധാനഭാ​ഗങ്ങളിലൊന്നായ നാടകശാല 23 വർഷം മുമ്പ് തകർന്നു. 
കെ രാധാകൃഷ്ണൻ മന്ത്രിയായിരിക്കെ അദ്ദേഹവും മന്ത്രി  പി എ  മുഹമ്മദ് റിയാസും  സന്ദർശിച്ചതോടെയാണ്‌  കോവിലകം  സംരക്ഷണത്തിനുള്ള   ശ്രമങ്ങൾ  ആരംഭിച്ചത്.  
ദേവസ്വം ചെയർമാൻ ഡോ. വി കെ വിജയൻ  നടത്തിയ ചർച്ചയെത്തുടർന്ന്‌  ചെന്നൈയിലെ മലയാളിവ്യവസായി  സഹായം വാ​ഗ്ദാനം ചെയ്‌തു. മൂന്ന് കോടിയാണ് നവീകരണത്തിന്‌ പ്രതീക്ഷിക്കുന്ന ചിലവ്.  
ജീർണിച്ച  ചുമരുകളും തൂണുകളും പഴമ ചോരാതെ പുനർനിർമിക്കും. നാടകശാലയും  പുതുക്കിപ്പണിയും. ആനത്താവളത്തിലെ ശിവക്ഷേത്രവും വിഷ്ണുക്ഷേത്രവും പുനർനിർമാണം തുടങ്ങി. 
കോവിലകത്തിന്റെ മേൽക്കൂര പൊളിച്ച്‌ താൽക്കാലികമായി ഷീറ്റ് പൊതിഞ്ഞിരിക്കുകയാണ്. മര ഉരുപ്പടികളും കൊത്തുപണികളും വീണ്ടെടുക്കുന്നതിനായുള്ള പ്രവർത്തികളാണ് നടക്കുന്നത്.  ഭാവിയിൽ ആനകളുമായി ബന്ധപ്പെട്ട മ്യൂസിയം സ്ഥാപിക്കാനുള്ള  ആലോചനയും ദേവസ്വത്തിനുണ്ട്. ഗുരുവായൂരിലെ പ്രധാന ടൂറിസം കേന്ദ്രം കൂടിയാണ് പുന്നത്തൂർ കോട്ട. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top