ഗുരുവായൂർ
ഗുരുവായൂർ ദേവസ്വം കൃഷ്ണനാട്ടം കലാകാരൻമാർക്കായി ഏർപ്പെടുത്തിയ ശ്രീമാനവേദ സുവർണമുദ്ര, വാസു നെടുങ്ങാടി എൻഡോവ്മെന്റ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. യഥാക്രമം ചുട്ടി ആശാൻ ഇ രാജുവും തൊപ്പിമദ്ദളം ഗ്രേഡ് ഒന്ന് കലാകാരൻ സി ഡി ഉണ്ണിക്കൃഷ്ണനും അർഹരായി. ഒരു പവൻ തൂക്കം വരുന്ന സ്വർണപ്പതക്കമാണ് ശ്രീമാനവേദ സുവർണമുദ്ര പുരസ്കാരം. ഒക്ടോബർ 13 മുതൽ 21 വരെയുളള കൃഷ്ണനാട്ടം അരങ്ങുകളിയിലെ മികച്ച പ്രകടനത്തിനാണ് പുരസ്കാരം. ഡോ. സദനം ഹരികുമാർ, കഥകളിപ്പാട്ട് ആശാൻ
കലാനിലയം ഉണ്ണിക്കൃഷ്ണൻ, കൃഷ്ണനാട്ടം ചുട്ടി ആശാനായിരുന്ന കെ ടി ഉണ്ണിക്കൃഷ്ണൻ എന്നിവരുൾപ്പെട്ട പുരസ്കാര നിർണയ സമിതിയാണ് ജേതാക്കളെ തെരഞ്ഞെടുത്തത്. അരങ്ങുകളിലെ മികച്ച പ്രകടനത്തിനുള്ള പ്രോത്സാഹനത്തിന് ഗോകുൽ മധുസൂദനൻ(വേഷം), അതുൽ കൃഷ്ണ (പാട്ട്), കൃഷോദ്(ശുദ്ധമദ്ദളം),
ഗൗതം കൃഷ്ണ എ(തൊപ്പി മദ്ദളം ), ജിതിൻ ശശി (ചുട്ടി), വി രാഹുൽ(അണിയറ) എന്നിവരെയും തെരഞ്ഞെടുത്തു. കൃഷ്ണഗീതി ദിനമായ നവംബർ 15ന് ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിൽ ചേരുന്ന സാംസ്കാരിക സമ്മേളനത്തിൽ പുരസ്കാരങ്ങൾ സമ്മാനിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..