30 October Wednesday
വെടിക്കെട്ടുകൾ ഇല്ലാതാകും; പൂരപ്പൊലിമ നഷ്ടപ്പെടും

ഉത്സവങ്ങൾക്ക്‌ കരിനിഴലായി കേന്ദ്രനിബന്ധന

വെബ് ഡെസ്‌ക്‌Updated: Wednesday Oct 30, 2024
തൃശൂർ   
കേന്ദ്രസർക്കാരിന്റെ അസാധാരണ വിജ്ഞാപനത്തിലൂടെ അടിച്ചേൽപ്പിക്കുന്ന പുതിയ നിബന്ധനകൾ കേരളത്തിലെ ഉത്സവങ്ങൾക്ക്‌ കരിനിഴൽ വീഴ്‌ത്തുന്നു. കേന്ദ്ര വാണിജ്യ, വ്യവസായ വകുപ്പ്‌ ഇറക്കിയ വിജ്‌ഞാപനത്തിൽ വെടിക്കെട്ടിന്‌ കർശന നിയന്ത്രണം ഏർപ്പെടുത്തി 35 നിബന്ധനകളാണ്‌ പുതുതായി ഉൾപ്പെടുത്തിയത്‌. ഇത്‌ നടപ്പാക്കിയാൽ കേരളത്തിലെ ഉത്സവങ്ങളിൽ വെടിക്കെട്ട്‌ നടത്താനാവില്ല. ലോക ടൂറിസം ഭൂപടത്തിൽ ഇടംപിടിച്ചതും യുനസ്‌കോ അംഗീകരിച്ചതുമായ തൃശൂർ പൂരപ്പൊലിമയും  നഷ്ടപ്പെടും.  
വിവിധ ഉൽസവങ്ങളുടെയും പെരുന്നാളുകളുടെയും  ഭാഗമായി കേരളത്തിൽ പ്രതിവർഷം 1500 മുതൽ 2000 കോടി രൂപയുടെ  വെടിക്കെട്ടുകൾ നടക്കുന്നുണ്ട്‌. വെടിക്കെട്ടില്ലാതായാൽ ആയിരക്കണക്കിന്‌ പരമ്പരാഗത വെടിക്കെട്ട്‌ നിർമാണ തൊഴിലാളികളുടെ ജീവിതം വഴിമുട്ടും. പുറ്റിങ്ങൽ വെടിക്കെട്ട്‌ അപകടത്തെത്തുടർന്ന്‌ പെസൊ ഉപാധ്യക്ഷൻ ഡോ. കെ യാദവിന്റെ നേതൃത്വത്തിൽ  നിയോഗിച്ച നാലംഗ കമീഷന്റെ റിപ്പോർട്ട്‌ കേന്ദ്രസർക്കാർ അംഗീകരിച്ചതോടെയാണ്‌ വെടിക്കെട്ടുകൾ പ്രതിസന്ധിയിലായത്‌.   
 നിയന്ത്രണങ്ങൾ കുറയ്‌ക്കാനെന്ന പേരിൽ കേന്ദ്രമന്ത്രി സുരേഷ്‌ ഗോപി തൃശൂരിൽ യോഗം വിളിച്ചിരുന്നു. പൂരപ്പറമ്പ്‌ സന്ദർശിച്ച്‌ അളവെടുപ്പും നടത്തി. പെസൊ അധികൃതരും  ഒപ്പമുണ്ടായിരുന്നു. അതിനുപിന്നാലെ ഒക്‌ടോബർ 11നാണ്‌ പുതിയ നിബന്ധനകൾ അടിച്ചേൽപ്പിച്ച്‌ കേന്ദ്ര വിജ്‌ഞാപനം ഇറങ്ങുന്നത്‌. കേന്ദ്രമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ്‌ ഗോപി അറിയാതെ വിജ്‌ഞാപനം പുറത്തിറങ്ങില്ലെന്ന്‌ പൂരപ്രേമികൾ പറയുന്നു. വെടിക്കെട്ട്‌ ഇല്ലാതാക്കാനുള്ള കേന്ദ്രസർക്കാരിന്റെ  നടപടിയെ ന്യായീകരിച്ച്‌ ബിജെപി ജില്ലാ നേതൃത്വം പത്രപ്രസ്‌താവനയും ഇറക്കി. കേന്ദ്ര  നിബന്ധന പിൻവലിക്കണമെന്ന്‌  ആവശ്യപ്പെട്ട്‌  ഉത്സവാഘോഷ കമ്മിറ്റികളും ദേവസ്വങ്ങളും  രംഗത്തിറങ്ങിയിട്ടുണ്ട്‌. എൽഡിഎഫ്‌ നേതൃത്വത്തിൽ ബുധനാഴ്‌ച  തൃശൂരിൽ  പ്രതിഷേധ സംഗമവും സംഘടിപ്പിക്കും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top