വടക്കേക്കാട്
തീരമേഖലയിലെ ക്ഷേത്രങ്ങളിലെ മോഷണ പരമ്പരയിലെ പ്രധാന പ്രതിയെ വടക്കേക്കാട് പൊലീസ് പിടികൂടി. വടക്കേക്കാട് സ്റ്റേഷൻ പരിധിയിലെ പുന്നയൂർക്കുളം ഗോവിന്ദാപുരം ക്ഷേത്രം, ചാവക്കാട് സ്റ്റേഷൻ പരിധിയിലെ പുന്ന അയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രം, ചാവക്കാട് നരിയമ്പുള്ളി ക്ഷേത്രം, പൊന്നാനി പെരുമ്പടപ്പ് സ്റ്റേഷൻ പരിധിയിലെ കാട്ടുമാടം മുത്തശ്ശിയമ്മ ക്ഷേത്രം എന്നിവിടങ്ങളിൽ മോഷണം നടത്തിയ പ്രതി ഗുരുവായൂർ മല്ലാട് സ്വദേശി പുതുവീട്ടിൽ മനാഫ് എന്ന മരപ്പട്ടി മനാഫി (45) നെയാണ് വടക്കേക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഗോവിന്ദാപുരം ക്ഷേത്രത്തിൽ കഴിഞ്ഞ 13ന് നടന്ന മോഷണം അന്വേഷിച്ചുവരികയായിരുന്ന വടക്കേക്കാട് പൊലീസ് തിങ്കൾ രാത്രിയാണ് മനാഫിനെ പിടികൂടിയത്. തിങ്കൾ പുലർച്ചെയാണ് ഇയാൾ അയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രം, ചാവക്കാട് നരിയമ്പുള്ളി ക്ഷേത്രം എന്നിവിടങ്ങളിൽ മോഷണം നടത്തി സ്വർണവും പണവും കവർന്നത്. മോഷണശേഷം ഇരിങ്ങാലക്കുടയിലെ വാടക വീട്ടിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് പൊലീസ് പിടിയിലാകുന്നത്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. കഴിഞ്ഞ 13ന് പുലർച്ചെയാണ് ആൽത്തറ ഗോവിന്ദാപുരം ക്ഷേത്രത്തിൽ മോഷണം നടത്തിയത്. അന്നുതന്നെ ആൽത്തറ നാലപ്പാട്ട് റോഡ് എടക്കാട്ട് ബാബുവിന്റെ വീട്ടിൽ നിർത്തിയിട്ടിരുന്ന ബൈക്കും ആറ്റുപുറത്തെ മറ്റൊരു വീട്ടിൽ നിന്ന് സൈക്കിളും മോഷണം പോയിരുന്നു. ബൈക്കിലാണ് പ്രതി കടന്നുകളഞ്ഞത്. വടക്കേക്കാട് എസ് എച്ച്ഒ കെ പി ആനന്ദ്, എസ്ഐമാരായ കെ ഗോപിനാഥൻ, പി യൂസഫ്, കെ പി സാബു, സി കെ സുധീർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..