ചേലക്കര
തുറന്ന വാഹനത്തിൽ സ്ഥാനാർഥി വന്നിറങ്ങിയതോടെ ചിന്ന രക്തഹാരമണിയിച്ച് ചേർത്തുപിടിച്ചു. തലയിൽ കൈവച്ചു. തൊട്ടുപിന്നാലെ ചിന്നയുടെ കണ്‌ഠനാളത്തിൽനിന്ന് ഇൻക്വിലാബ് ഉയർന്നു. എൽഡിഎഫ് സ്ഥാനാർഥി യു ആർ പ്രദീപ് ചൊവ്വാഴ്‌ച വീട്ടുപടിക്കൽ എത്തുന്നതറിഞ്ഞ് മലേശമംഗലം ചോഴിയോംകോട് ചിന്ന കൃഷ്‌ണൻ ഒരുക്കം തുടങ്ങിയതാണ്. ചേലക്കര നാടിന്റെ മകൻ പ്രദീപ് വിജയിക്കും. തിരുവില്വാമല മലേശമംഗലം ചോഴിയാംകോട്ടെ സ്വീകരണയോഗത്തിനെത്തിയ ചിന്നയുടെ വാക്കുകൾ. 1996ൽ കെ രാധാകൃഷ്‌ണൻ മത്സരിച്ചതു മുതൽ ഇന്നുവരെ തെരഞ്ഞെടുപ്പ് കാലത്ത് ചിന്ന മുൻനിരയിൽ ഉണ്ടെന്ന് ചോഴിയാംകോട്ടുകാർ പറഞ്ഞു.
വൻ ജനാവലിയുടെ സ്വീകരണങ്ങൾ ഏറ്റുവാങ്ങിയാണ് എൽഡിഎഫ് സ്ഥാനാർഥി യു ആർ പ്രദീപിന്റെ തെരഞ്ഞെടുപ്പ് പര്യടനത്തിന് തുടക്കമായത്. ചൊവ്വാഴ്‌ച രാവിലെ തിരുവില്വാമല പാമ്പിൻകാവ് കൊല്ലാക്കിൽ സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം കെ രാധാകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്‌തു. ആദ്യ കേന്ദ്രത്തിൽ മുണ്ടത്തോട്, നാരായണമംഗലം, മേഴക്കാട്ടുകുന്ന്, കളത്തിൽപ്പടി പട്ടികജാതി നഗറുകളിൽ നിന്ന് നൂറുകണക്കിനാളുകൾ സ്ഥാനാർഥിയെ സ്വീകരിക്കാനെത്തി. തുറന്ന വാഹനത്തിലുള്ള പര്യടനം നാരായണമംഗലത്ത് എത്തിയതോടെ ആൾക്കൂട്ടം ഇരട്ടിച്ചു. സൂപ്പർ ജങ്‌ഷനും പാട്ടുപുരയും കയറംപാറയും ഗരുഡൻ കമ്പനിയും പിന്നിട്ട് ഉച്ചയിലേക്ക് കടന്നപ്പോൾ ചുട്ടുപൊള്ളുന്ന ചൂടിനെ വകവയ്‌ക്കാതെ ജനം ഒഴുകി. തടിച്ചുകൂടിയവരെയെല്ലാം സ്ഥാനാർഥി പേരെടുത്ത് വിളിച്ച് സൗഹൃദം പുതുക്കി. ഉച്ചയ്‌ക്കുശേഷം പഴയന്നൂർ ചീരക്കുഴിയിൽനിന്ന് പര്യടനം തുടർന്നു. വടക്കേത്തറ, കിളിനിക്കടവ്, പുത്തിരിത്തറ തുടങ്ങി 48 കേന്ദ്രങ്ങളിലെ വരവേൽപ്പുകൾക്കുശേഷം രാത്രി തൃക്കണായയിൽ സമാപിച്ചു. കൊച്ചുകുട്ടികൾമുതൽ പ്രായമായവർവരെ സ്ഥാനാർഥിയെ ഹാരമണിയിക്കാനെത്തി. ഷാളുകൾ, പൂച്ചെണ്ടുകൾ, തോർത്തുകൾ, പച്ചക്കറികൾ, മിഠായികൾ, മുധുരപലഹാരങ്ങൾ തുടങ്ങിയവ കൈമാറി, മെഡിക്കൽ ആവശ്യങ്ങൾ, ക്ഷേമപെൻഷൻ, ലൈഫ് വീട് തുടങ്ങി നിരവധി ആവശ്യങ്ങൾ അടങ്ങിയ നിവേദനങ്ങളും ലഭിച്ചു. മുഴുവൻ കേന്ദ്രങ്ങളിലും ചെറുഭാഷണങ്ങളിലായിരുന്നു പ്രദീപിന്റെ മറുപടി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..