22 December Sunday

നഗരത്തിൽ താഴ്‌ന്ന പ്രദേശങ്ങൾ 
വെള്ളത്തിൽ; 1120 പേരെ മാറ്റിപ്പാര്‍പ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jul 31, 2024
തൃശൂർ
കനത്ത മഴയിൽ നഗരത്തിലെ താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. അഗ്നിശമന സേനയും ജനപ്രതിനിധികളും പൊതു പ്രവർത്തകരും ചേർന്ന്‌ രക്ഷാപ്രവർത്തനം നടത്തി. കോർപറേഷൻ പരിധിയിൽ ഒമ്പത്‌ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങി.
   ചെമ്പൂക്കാവ് ഹോളിഫാമിലി കോൺവെന്റ്‌ സ്‌കൂൾ, ചേറൂർ എസ്എൻയുപി സ്‌കൂൾ, വില്ലടം ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ, വിയ്യൂർ എൽപി സ്‌കൂൾ, ദേവമാതാ പബ്ലിക് സ്‌കൂൾ, മുക്കാട്ടുകര സെന്റ്‌ ജോർജ്‌ യുപി സ്‌കൂൾ, കാളത്തോട് എഎൽപി സ്‌കൂൾ, നെല്ലങ്കര കാൽഡിയൻ പള്ളി എൽപി സ്‌കൂൾ, നെല്ലങ്കര റോമൻ കാത്തലിക് പള്ളി ഹാൾ എന്നിവിടങ്ങളിലായാണ്‌ ക്യാമ്പുകൾ. 332 കുടുംബങ്ങളിലെ 1120 പേരെയാണ് മാറ്റിപ്പാർപ്പിച്ചത്. 136 കുടുംബങ്ങളെ ഹോളിഫാമിലി സ്‌കൂളിലാണ് പാർപ്പിച്ചിട്ടുള്ളത്. ഓരോ ക്യാമ്പിലും രണ്ട്‌ ക്ലർക്കും ഒരു ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർക്കും 24 മണിക്കൂർ ഡ്യൂട്ടി നൽകിയിട്ടുണ്ട്. പെരിങ്ങാവ്‌, ചെമ്പൂക്കാവ്‌ കുണ്ടുവാറ, മ്യൂസിയം ക്രോസ്‌ ലെയ്‌ൻ, ഗാന്ധിനഗർ, വിയ്യൂർ, ചേറൂർ, വില്ലടം, ശക്തൻ നഗർ പ്രദേശങ്ങളിൽ നിരവധി വീടുകളിൽ വെള്ളം കയറി. അഗ്നിശമന സേന ഡിങ്കി ബോട്ട്‌ ഉപയോഗിച്ച്‌ നിരവധി പേരെ രക്ഷിച്ചു. വിൽവട്ടം മേഖലയിലാണ് കൂടുതൽ കാലവർഷക്കെടുതി. 
   കോർപറേഷനിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം സജ്ജീകരിച്ചിട്ടുണ്ട്‌. നാല്‌ ഉദ്യോഗസ്ഥരും 15 കണ്ടിൻജന്റ്‌ വർക്കർമാരും സജീവമാണ്. ഏതുസമയവും ദുരന്തത്തെ നേരിടാൻ ബോട്ട്, ജെസിബി, ഹിറ്റാച്ചി തുടങ്ങിയവയുമുണ്ട്‌. ക്യാമ്പിലുള്ളവർക്ക് ഭക്ഷണം, കിടക്കാനുള്ള സൗകര്യം, ചികിത്സ എന്നിവ ഉറപ്പുവരുത്താൻ ആറ്‌ അംഗ സ്‌ക്വാഡും രൂപീകരിച്ചിട്ടുണ്ട്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top