22 December Sunday

ദുരന്തപ്പെയ്ത്ത്

വെബ് ഡെസ്‌ക്‌Updated: Wednesday Jul 31, 2024

വടക്കാഞ്ചേരി ഓട്ടുപാറ -വാഴാനി റോഡിൽ വെള്ളം കയറിയ ഭാഗത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കുന്നു ഫോട്ടോ: ജഗത് ലാൽ

 തൃശൂർ

ജില്ലയിൽ ദുരിതം വിതച്ച്‌ മഴ. ശക്തമായ മഴയിൽ വ്യാപക നാശനഷ്ടമാണുണ്ടായത്‌. രണ്ട്‌ ദിവസമായി തുടരുന്ന മഴയിൽ താഴ്‌ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. പുഴകൾ നിറഞ്ഞൊഴുകുകയാണ്‌. മഴവെള്ളം കുത്തിയൊലിച്ച്‌ ഒഴുകി അകമലയിൽ റെയിൽവേ ട്രാക്കിലേക്ക്‌ മണ്ണിടിഞ്ഞ്‌ വീണ്‌ ട്രെയിൻ ഗതാഗതം തടസപ്പെട്ടു.  റോഡുകളിൽ വെള്ളം കയറിയും  കാറ്റിൽ മരങ്ങൾ വീണും ഗതാഗതം താറുമാറായി.  
   തൃശൂർ ശക്തൻ ബസ്‌ സ്‌റ്റാൻഡ്‌ പരിസരം മുഴുവൻ വെള്ളത്തിൽ മുങ്ങി. രാമവർമപുരം, കുണ്ടുവാറ, ചേറൂർ പ്രദേശങ്ങളിൽ നിന്ന്‌ 100 ഓളം പേരെ മാറ്റി പ്പാർപ്പിച്ചു. തിരുവില്വാമല–- തൃശൂർ പാതയിൽ പലയിടങ്ങളിലും രൂക്ഷമായ വെള്ളക്കെട്ടാണ്‌.  വടക്കാഞ്ചേരി,- ഓട്ടുപാറ, ചേലക്കര, പഴയന്നൂർ, എളനാട്‌, മുള്ളൂർക്കര സെന്ററുകൾ വെള്ളത്തിൽ മുങ്ങി. ചേലക്കര പൊലീസ്‌ സ്‌റ്റേഷനിലും ജീവോദയ ആശുപത്രി പരിസരത്തും വെള്ളം കയറി. തിരുവില്വാമല, ചേലക്കര, തൃശൂർ, ആലത്തൂർ ഭാഗങ്ങളിലേക്കുള്ള വാഹനഗതാഗതം നിലച്ചു. 
   വടക്കാഞ്ചേരി ബസ് സ്റ്റാൻഡിനു സമീപം കുന്നിടിഞ്ഞു. മാക്‌സ്‌ കെയർ ആശുപത്രിയിൽ വെള്ളം കയറിയതോടെ രോഗികളെ മാറ്റി.  ഉത്രാളിക്കാവ്‌ ക്ഷേത്രത്തിന്‌ ചുറ്റുമുള്ള പാടം പൂർണമായും വെള്ളത്തിൽ മുങ്ങി. ഭാരതപ്പുഴയിലെ വെള്ളം കയറി  ദേശമംഗലത്ത് 56 ഓളം കുടുംബങ്ങൾ ഒറ്റപ്പെട്ടു. കൊടകര, വരന്തരപ്പിള്ളി മേഖലയിലും മഴ ദുരിതം വിതച്ചു. 
പരിയാരം, കുറ്റിക്കാട്‌, മുരിങ്ങൂർ പ്രദേശങ്ങളിൽ നിന്ന്‌ 40 ഓളം കുടുംബങ്ങളെ മാറ്റി. മണലൂരിൽ 20 ഓളം വീടുകളിൽ വെള്ളം കയറി. അന്തിക്കാട്‌–- കാഞ്ഞാണി റോഡിൽ വെള്ളക്കെട്ട്‌ രൂക്ഷമായി. പാടശേഖരങ്ങളെല്ലാം വെള്ളത്തിൽ മുങ്ങി.  പുതുക്കാട്, വരന്തരപ്പിള്ളി വേലൂപ്പാടം മേഖലയിലെ പ്രദേശങ്ങളിൽ വെള്ളം കയറി. അളഗപ്പനഗർ പഞ്ചായത്തിൽ രണ്ട് വീടുകൾ തകർന്നു. 
പലയിടത്തും വ്യാപാര സ്ഥാപനങ്ങളിലേക്ക്‌ വെള്ളം കയറിയത്‌ വലിയ നഷ്ടമുണ്ടാക്കി. പീച്ചി അണക്കെട്ട്‌ തുറന്നതോടെ  കൈനൂർ, പുഴമ്പള്ളം പ്രദേശങ്ങൾ വെള്ളത്തിലായി. പീച്ചിക്കടുത്ത്‌ കണ്ണാറയിൽ പഴയപാലം തകർന്നു. 
നടത്തറ പഞ്ചായത്തിൽ മൂർക്കനിക്കര സെന്റർ,- വലക്കാവ് വഴി കൂറ്റനാൽ എന്നിവിടങ്ങളിൽ വെള്ളം കയറി. 25 ഓളം വീടുകളിൽനിന്നുള്ളവരെ അവിടെ നിന്ന്‌ മാറ്റി. വരന്തരപ്പിള്ളി വട്ടക്കോട്ടായി മുതൽ കയ്യാലപ്പടിവരെ റോഡിൽ വെള്ളം കയറി ഗതാഗതം നിലച്ചു. ഇതു വഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചു.
മുൻകരുതൽ നടപടികൾ  
ശക്തമായ മഴ തുടരുമെന്ന കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെത്തുടർന്ന്‌  ജില്ലാ ദുരന്തനിവാരണ അതോറിറ്റി പ്രവർത്തനങ്ങൾ ഊർജിതമാക്കി. 25 അംഗ എൻഡിആർഎഫ് സംഘമാണ്‌ വടക്കാഞ്ചേരിയിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. 50 അംഗ സിവിൽ ഡിഫൻസ്  വളണ്ടിയേഴ്‌സിനെ തലപ്പിള്ളി, തൃശൂർ, ചാലക്കുടി താലൂക്കുകളിൽ വിന്യസിച്ചു. 
   കലക്ടർ അർജുൻ പാണ്ഡ്യന്റെ അധ്യക്ഷതയിൽ ഓൺലൈനായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിൻസ്, എഡിഎം ടി മുരളി എന്നിവർ പങ്കെടുത്തു. രക്ഷാപ്രവർത്തനത്തിന്‌ പൊലീസും അഗ്‌നിശമന സേനയും സജ്ജമാണ്. താലൂക്ക്തല പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ഡെപ്യൂട്ടി കലക്ടർ, തഹസിൽദാർ, വില്ലേജ് ഓഫീസർ  എന്നിവർ അതത്‌ പ്രദേശങ്ങളിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. 
വിനോദസഞ്ചാരത്തിന്‌ 
നിരോധനം
ജില്ലയിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുമുള്ള യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തി. ചാലക്കുടി മലക്കപ്പാറ വഴിയുള്ള യാത്രയ്ക്കും നിയന്ത്രണമേർപ്പെടുത്തി. അടിയന്തര സാഹചര്യങ്ങളിൽ അധികൃതരുമായി ബന്ധപ്പെട്ട് യാത്രയ്ക്ക് അനുമതി തേടാം.
 വിദ്യാഭ്യാസ 
സ്ഥാപനങ്ങൾക്ക്  അവധി
 ശക്തമായ മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ ബുധനാഴ്‌ച ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ അവധി പ്രഖ്യാപിച്ചു. റസിഡൻഷ്യൽ സ്ഥാപനങ്ങൾക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടാകില്ല.
ശക്തമായ മഴ തുടരും
ജില്ലയിൽ ബുധനാഴ്‌ച ശക്തമായ മഴ തുടരുമെന്ന്‌ കേന്ദ്ര കാലാവസ്ഥ കേന്ദ്രത്തിന്റെ പ്രവചനം.  24 മണിക്കൂറിനുള്ളിൽ 64.5–- 115.5 മില്ലീമീറ്റർ മഴ പെയ്യുമെന്നാണ്‌ മുന്നറിയിപ്പ്‌. കുറഞ്ഞ സമയത്തിൽ വലിയ മഴയുണ്ടാകുന്ന രീതിയാണ്‌ പ്രതീക്ഷിക്കുന്നത്‌. മലവെള്ളപ്പാച്ചിലിനും സാധ്യതയുണ്ട്‌. 
വടക്കാഞ്ചേരിയിൽ 
 338 മില്ലീ മീറ്റർ മഴ
കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത്‌  ഏറ്റവും കൂടുതൽ മഴ പെയ്‌തത്‌ വടക്കാഞ്ചേരിയിൽ. 338 മില്ലീമീറ്റർ മഴയാണ്‌  ഒരു ദിവസത്തിനിടയിൽ പെയ്‌തത്‌. അതിരപ്പിള്ളി–- 217, ലോവർ ഷോളയാർ–- 199.5, പീച്ചി–-198, വെള്ളാനിക്കര–- 185.2, കുന്നംകുളം–- 108.8, ഏനാമാവ്‌–-88.4, ഇരിങ്ങാലക്കുട–- 78, കൊടുങ്ങല്ലൂർ–- 78, ചാലക്കുടി–- 61.2 എന്നിങ്ങനെയാണ്‌ മറ്റിടങ്ങളിൽ പെയ്‌ത മഴ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top