പുഴയ്ക്കൽ
എടക്കളത്തൂർ ദേശാഭിമാനി കലാ -കായിക സാംസ്കാരിക വേദി ആൻഡ് പബ്ലിക് ലൈബ്രറി ഒരുക്കുന്ന കേരള സംസ്ഥാന പ്രൊഫഷണൽ നാടകോത്സവം നാടക പ്രേമികളുടെ ആവേശം വാനോളമുയര്‍ത്തി തുടരുന്നു. നാടകോത്സവം എട്ടാം ദിനം പിന്നിടുമ്പോൾ മനം നിറഞ്ഞ് കാണികളും ആസ്വാദക സ്നേഹം നുകർന്ന് അണിയറ പ്രവർത്തകരും . മുതിർന്നവരും, കുട്ടികളും, സ്ത്രീകളും, ചെറുപ്പക്കാരുമടക്കം മുഴുവൻ അംഗങ്ങളും നാടകം കാണാനായി വേദിയിലേക്ക് ഒഴുകുകയാണ്.
നാടകത്തെ സ്നേഹിക്കുന്ന ഒരു കൂട്ടം ആളുകൾ 2003ൽ തുടങ്ങിയതാണ് എടക്കളത്തൂർ നാടകോത്സവം. രണ്ട് പതിറ്റാണ്ടിനിപ്പുറത്തും അതേ ആവേശം നിലനിൽക്കുന്നു. കേരളത്തിൽ ഈ വർഷം അവതരിപ്പിക്കാൻ പോകുന്ന മികച്ച പ്രൊഫഷണൽ നാടകങ്ങളുടെ ആദ്യ അവതരണംകൂടിയാണ് എടക്കളത്തൂർ നാടകോത്സവം. ശ്രീരാമചന്ദ്ര യു പി സ്കൂളിൽ അന്നകര കളത്തിപ്പറമ്പിൽ മാധവൻ സ്മരണാർഥം പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് നാടകോത്സവം നടക്കുന്നത്.
ഞായാറാഴ്ച തുടങ്ങിയ നാടകോത്സവത്തിൽ അമ്പലപ്പുഴ അക്ഷരജ്വാലയുടെ "അനന്തരം", കടയ്ക്കാവൂർ നടന സഭയുടെ "റിപ്പോർട്ട് നമ്പർ 79",കോഴിക്കോട് രംഗഭാഷയുടെ "മിഠായിത്തെരുവ്', തിരുവനന്തപുരം സാഹിതിയുടെ "മുച്ചീട്ട് കളിക്കാരന്റെ മകൾ",കൊല്ലം ആവിഷ്കാരയുടെ "സൈക്കിൾ",വെള്ളിയാഴ്ച ഗാന്ധിഭവൻ തിയറ്റർ ഇന്ത്യയുടെ "യാത്ര" എന്നി നാടകങ്ങൾ അരങ്ങേറി. ശനിയാഴ്ച കൊല്ലം കാളിദാസയുടെ "അച്ഛൻ" എന്ന നാടകവും സമാപന ദിവസമായ ഞായറാഴ്ച തിരുവനന്തപുരം സംസ്കൃതിയുടെ "നാളത്തെ കേരള’ എന്ന നാടകവും അരങ്ങേറും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..