31 October Thursday

തീപിടിത്തത്തിന് വഴിയൊരുക്കി 
നഗരസഭ ഫെസിലിറ്റി സെന്റര്‍

വെബ് ഡെസ്‌ക്‌Updated: Thursday Oct 31, 2024
ചാലക്കുടി
തീപിടിത്തത്തിന് വഴിയൊരുക്കി ക്രിമറ്റോറിയത്തിന് സമീപത്തെ നഗരസഭയുടെ ഫെസിലിറ്റി സെന്റർ. ദേശീയപാതയോരത്തുള്ള  ക്രിമറ്റോറിയത്തിന് സമീപത്തെ  റിസോഴ്‌സ് റിക്കവറി ഫെസിലിറ്റി സെന്റാണ് അപകടക്കെണിയായത്‌. പ്ലാസ്റ്റിക് മാലിന്യങ്ങൾ ചാക്കുകെട്ടുകളിലാക്കി അലക്ഷ്യമായാണ് ഇവിടെ കൂട്ടിയിട്ടിരിക്കുന്നത്. 
ചെറിയൊരു തീപ്പൊരി വീണാൽ വലിയ തീപിടിത്തമുണ്ടാകും. പ്ലാസ്റ്റിക് മാലിന്യങ്ങൾ ഇവിടെ നിന്നും കയറ്റി വിടാൻ നഗരസഭയും ആരോഗ്യ വിഭാഗവും ശ്രദ്ധിക്കാത്തതാണ് ഈ ദുരവസ്ഥക്ക് കാരണം. സമയാസമയങ്ങളിൽ മാലിന്യം നീക്കം ചെയ്യാൻ ബന്ധപ്പെട്ടവർ ജാഗ്രത കാണിക്കുന്നില്ല. നഗരസഭയിലെ 36 വാർഡുകളിൽ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ തരംതിരിച്ച് ചാക്കുകെട്ടുകളിലാക്കി വയ്ക്കുകയും സെന്ററിൽ നിന്നും ഇവ കയറ്റി വിടുകയുമാണ് പതിവ്. എന്നാൽ കുറെ കാലങ്ങളായി ഇവിടെ  സൂക്ഷിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യുന്നില്ല. ഇതോടെ പ്ലാസ്റ്റിക് നിറച്ച ചാക്കുകൾ പരിസരമാകെ നിറഞ്ഞ് കുന്നുകൂടി കിടക്കുകയാണ്. സെന്ററിനകത്തും പുറത്തും നൂറുകണക്കിന് ചാക്കുകളാണ് അലക്ഷ്യമായി കിടക്കുന്നത്. നിരവധി ജീവനക്കാർ സെന്ററിൽ ജോലി ചെയ്യുന്നുണ്ട്. 
കനത്ത ചൂടിൽപ്പോലും തീപടരാൻ സാധ്യതയുണ്ട്. എന്നിട്ടും വേണ്ടതായ ജാഗ്രത പുലർത്താൻ ബന്ധപ്പെട്ടവർ തയ്യാറാകുന്നില്ലെന്നാണ് പരാതി ഉയരുന്നത്. നഗരാതിർത്തിയിൽ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക് തരംതിരിച്ച് ചാക്കുകളിലാക്കാനായി  നാല് ഫെസിലിറ്റി സെന്ററുകളാണ് വിഭാവനം ചെയ്തത്. 
ഇൻഡോർ സ്റ്റേഡിയത്തിന് പിന്നിലെ സെന്ററടക്കം രണ്ട് ഫെസിലിറ്റി സെന്ററുകൾ മാത്രമാണ് ഇപ്പോഴുള്ളത്. 
പടിഞ്ഞാറെ ചാലക്കുടി, പോട്ട എന്നിവിടങ്ങളിൽ വിഭാവനം ചെയ്ത സെന്ററുകൾ ഇനിയും സജ്ജീകരിക്കാനായിട്ടില്ല. ഇൻഡോർ സ്റ്റേഡിയത്തിന് പിന്നിലെ സെന്ററിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾക്ക് തീപിടിച്ച് വൻ അപകടമാണ് കുറച്ചുമാസങ്ങൾക്ക് മുമ്പുണ്ടായത്. ഇതിന് സമാനമായ രീതിയിലാണ് ഇപ്പോൾ ക്രിമറ്റോറിയത്തിന് സമീപത്തെ സെന്ററിൽ ചാക്കുകെട്ടുകൾ കൂടികിടക്കുന്നത്. ഇവിടെ തീപിടിത്തമുണ്ടായാൽ ക്രിമറ്റോറിയത്തിലും വലിയ നാശനഷ്ടങ്ങളുണ്ടാകും. അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്ന പ്ലാസ്റ്റിക് ചാക്കുകെട്ടുകൾ ഉടൻ നീക്കം ചെയ്യണമെന്നാണ് ആവശ്യം ഉയരുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top