27 December Friday

പൂരത്തിൽ വിഷം കലക്കാൻ 
അനുവദിക്കില്ല: എ വിജയരാഘവൻ

വെബ് ഡെസ്‌ക്‌Updated: Thursday Oct 31, 2024
തൃശൂർ 
പൂരത്തിൽ  വർഗീയ വിഷം കലക്കാൻ ആരെയും അനുവദിക്കില്ലെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം എ വിജയരാഘവൻ പറഞ്ഞു.  തൃശൂരിൽ എൽഡിഎഫ്‌ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃശൂർ  പൂരം  എല്ലാ ജാതി–- മതസ്ഥരുടെയും  ജനകീയമഹാസംഗമമാണ്‌.  എന്നാൽ ആർഎസ്‌എസ്‌ അതിൽ വർഗീയത കലർത്താൻ ശ്രമിക്കുകയാണ്‌. അതിന്‌ യുഡിഎഫും ഒത്താശ ചെയ്യുകയാണ്‌.   കേന്ദ്രസർക്കാരിന്റെ പുതിയ വിജ്ഞാപനം   വെടിക്കെട്ടുകൾ ഇല്ലാതാക്കും.  ആന എഴുന്നള്ളിപ്പിനും  തടസ്സമാണ്‌.  ഈ  നിബന്ധനകൾ പിൻവലിച്ച്‌ പൂരം  സുഗമമാക്കണം. 
ആനയില്ലാതെ  പൂരം നടത്താനാവില്ല. വെടിക്കെട്ട്‌ മനോഹരമാണ്‌.  പുതിയ നിബന്ധനയിലെ  അകലം പാലിച്ചാൽ വെടിക്കെട്ട്‌ നടത്താനാവില്ല.  കാണികൾക്ക്‌  കാണാനുമാവില്ല.  പൂരം നടത്തിപ്പിന്‌ നിയമത്തിന്റെ കീറാമുട്ടികൾ  തടസ്സമാവരുത്‌.   തടസ്സങ്ങൾ നീക്കാൻ  ശ്രമിക്കാതെ തൃശൂരിന്റെ എംപി   ഉത്തരവാദിത്വങ്ങളിൽനിന്ന്‌ ഒഴിഞ്ഞുമാറുകയാണ്‌. 
 പൂരം തടസ്സപ്പെടുന്നതിന്റെ മുഖ്യ  ഉത്തരവാദികൾ കേന്ദ്രസർക്കാരാണ്‌. എന്നാൽ സുരേഷ്‌ ഗോപിയും വി ഡി സതീശനും മാധ്യമങ്ങളും  പറയും,  എൽഡിഎഫ്‌ സർക്കാരാണെന്ന്‌. വെടിക്കെട്ട്‌ തടസ്സപ്പെടുന്ന സാഹചര്യത്തിലും എൽഡിഎഫ്‌ ഒഴിച്ച്‌ മറ്റുള്ളവർ പ്രതിഷേധവുമായി രംഗത്ത്‌ വരുന്നില്ല.  ഇടതുപക്ഷത്തെയും കേരളത്തെയും തകർക്കുക  മാത്രമാണ്‌ അവരുടെ ചിന്ത. പൂരം ഉൾപ്പെടെ എല്ലാ വിഷയവും  വർഗീയവൽക്കരിക്കാനാണ്‌ ആർഎസ്‌എസ്‌ നീക്കം.  കേന്ദ്രസർക്കാർ നടപടികളും അതിന്‌ സഹായകരമാണ്‌. വി ഡി സതീശനും കെ സുധാകരനുമെല്ലാം  ഒത്താശ ചെയ്യുകയാണ്‌.   ലോക്‌സഭാ തെരഞ്ഞെടുപ്പിൽ  തൃശൂരിൽ  കോൺഗ്രസ്‌ വോട്ട്‌ മറിച്ചാണ്‌ ബിജെപിക്ക്‌ വിജയിക്കാനായത്‌. ഇതോടെ  തൃശൂരിനെയും വർഗീയ വൽക്കരിക്കാൻ സാഹചര്യമൊരുങ്ങുകയാണ്‌.   
 തൃശൂർ പൂരം മാതൃകാപരമായി നടത്താൻ സഹായിക്കുകയാണ്‌ എൽഡിഎഫ്‌ സർക്കാർ  ചെയ്യുന്നത്‌.  എന്നാൽ ഇക്കഴിഞ്ഞ പൂരത്തിൽ ചില തടസ്സങ്ങളുണ്ടായി.    അതിലെ ഗൂഢാലോചനയും  ഉദ്യോഗസ്ഥ വീഴ്‌ചയുമെല്ലാം  അന്വേഷിക്കുന്നുണ്ട്‌.   ഈ വർഷത്തെ അനുഭവത്തിൽ   അടുത്തവർഷം   നല്ല നിലയിൽ പുരം നടത്തിപ്പിന്‌   ജാഗ്രതയുണ്ടാവുമെന്നും  എ വിജയരാഘവൻ  പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top