മീനങ്ങാടി
പോരാട്ടത്തിന്റെ കനലുകൾ കൂടുതൽ ജ്വലിപ്പിച്ച് ഡിവൈഎഫ്‌ഐ യൂത്ത് മാർച്ചിന് മീനങ്ങാടിയിൽ ഉജ്വല സമാപനം. ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ആറ് ദിവസം നാടും നഗരവും ഉണർത്തി നടത്തിയ ജാഥ സമരാവേശത്തിന്റെ ഇടിമുഴക്കവുമായണ് അവസാനിച്ചത്.
"യുവജനങ്ങളെ വഞ്ചിക്കുന്ന കേന്ദ്ര സർക്കാർ, വയനാടിനെ വഞ്ചിക്കുന്ന യുഡിഎഫ് ജനപ്രതിനിധികൾ’ എന്ന മുദ്രാവാക്യമുയർത്തി മുന്നേറിയ മാർച്ച് കേന്ദ്രസർക്കാരിന്റെയും യുഡിഎഫ് ജനപ്രതിനിധികളെയും ചെയ്‌തികൾ തുറന്നുകാണിച്ചു. കടുത്തചൂടും ശക്തമായ വേനൽമഴയുമെലാം അതിജീവിച്ച് 23 കേന്ദ്രങ്ങളിൽ ജാഥ പര്യടനം നടത്തി. യുവജനമാർച്ചിനെ നാടൊന്നാകെ നെഞ്ചേറ്റി. വൈവിധ്യങ്ങളായ കലാപരിപാടികൾ മിഴിവേകി.
ഞായറാഴ്‌ച പര്യടനം മൂലങ്കാവിൽ നിന്ന് ആരംഭിച്ചു. സംസ്ഥാനകമ്മിറ്റി അംഗം ഒ ആർ കേളു എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. കോട്ടകുന്ന്, ബീനാച്ചി, കൃഷ്‌ണഗിരി എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷമാണ് ജാഥ മീനങ്ങാടിയിൽ സമാപിച്ചത്. കൃഷ്‌ണഗിരിയിൽ നിന്ന് സമാപന നഗരിയായ മീനങ്ങാടിയിലെത്തുമ്പോഴേക്കും യുവജനസാഗരമായി. മീനങ്ങാടി സ്‌കൂൾ ജങ്‌ഷനിൽ നിന്ന് ജാഥയെ വാദ്യമേളങ്ങളുടെയും വെടിക്കെട്ടുകളുടെയും അകമ്പടിയോടെ സമാപനവേദിയായ മീനങ്ങാടി ടൗണിലേക്ക് ആനയിച്ചു. ഡിവൈഎഫ്‌ഐ അഖിലേന്ത്യപ്രസിഡന്റ് എ എ റഹീം എപി കാൽനട ജാഥയിൽ അണിചേർന്നതോടെ യുവതയുടെ ആവേശം ഇരട്ടിച്ചു.
വിവിധ കേന്ദ്രങ്ങളിൽ ജാഥാ ക്യാപ്റ്റൻ കെ റഫീഖ്, വൈസ് ക്യാപ്റ്റൻ ഷിജി ഷിബു, മാനേജർ കെ എം ഫ്രാൻസിസ്, ജില്ലാ ട്രഷറർ കെ ആർ ജിതിൻ, ജോയിന്റ് സെക്രട്ടറിമാരായ കെ മുഹമ്മദലി, എം രമേഷ്, വൈസ് പ്രസിഡന്റുമാരായ അർജുൻ ഗോപാൽ, സി ഷംസുദ്ദീൻ, ജോബിസൺ ജയിംസ്, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ പി ജംഷീദ്, മുഹമ്മദ് ഷാഫി എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം എ എ റഹീം എംപി ഉദ്ഘാടനം ചെയ്‌തു. സംഘാടകസമിതി ചെയർമാൻ വി എ അബ്ബാസ് അധ്യക്ഷനായി. ടി പി ഋതുശോഭ് സ്വാഗതം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..