22 November Friday

ഒരുക്കം പൂർണം സജ്ജമായി വിദ്യാലയങ്ങൾ

വെബ് ഡെസ്‌ക്‌Updated: Sunday Sep 1, 2024

മുണ്ടക്കൈ ഗവ.എൽപി സ്‌കൂളിനായി ഒരുക്കിയ മേപ്പാടി എ പി ജെ ഹാൾ സ്‌പെഷ്യലിസ്‌റ്റ്‌ അധ്യാപകർ ചിത്രംവരച്ച്‌ വർണാഭമാക്കുന്നു

മേപ്പാടി
ഉരുളെടുത്ത നാട്ടിലെ  വിദ്യാർഥികളെ വരവേൽക്കാൻ മേപ്പാടിയിൽ ഒരുക്കം പൂർണം.  തിങ്കൾ രാവിലെ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ അഞ്ച്‌ മന്ത്രിമാരുടെ നേതൃത്വത്തിൽ  വെള്ളാർമല, മുണ്ടക്കൈ സ്‌കൂൾ വിദ്യാർഥികളെ  സ്വീകരിക്കും. കറുത്തരാത്രിയുടെ ഓർമകളിൽനിന്നും അവർ ഇനി പുതിയ സ്വപ്‌നങ്ങളിലേക്ക്‌ ചുവടുവയ്‌ക്കും.  പ്രവേശനം ഉത്സവമാക്കാനുള്ള ശ്രമത്തിലാണ്‌ അധികൃതരും നാട്ടുകാരും.  
വെള്ളാർമല ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറിയിലെ  546 ഉം മുണ്ടക്കൈ ജിഎൽപിയിലെ 61 വിദ്യാർഥികളുടെയും തുടർ പഠനമാണ്‌ മേപ്പാടിയിലേക്ക്‌ മാറ്റുന്നത്‌. വെള്ളാർമല സ്‌കൂൾ  മേപ്പാടി ഗവ. എച്ച്‌എസ്‌എസിലെ  സൗകര്യത്തിൽ പ്രവർത്തിക്കും.  ക്ലാസ്‌ മുറികളും ഓഫീസ്‌ സംവിധാനങ്ങളും ഒരുക്കി. പെയിന്റിങ്‌ ജോലികളും പൂർത്തിയാക്കി. സമീപത്തുള്ള ഗവ. എൽപി സ്‌കൂളിനോട്‌ ചേർന്നാണ്‌ പാചകപ്പുര. കുടിവെള്ളം ജലവിഭവ വകുപ്പ്‌ എത്തിക്കും. 
എ പി ജെ അബ്ദുൾകലാം ഹാളിലാണ്‌ മുണ്ടക്കൈ ഗവ. എൽപി പ്രവർത്തിക്കുക.   ക്ലാസ്‌ മുറികൾ  വേർതിരിക്കലും പെയിന്റിങ്‌ ജോലികളും പൂത്തിയായി.  ബഹുവർണ ചിത്രങ്ങളുമായുമായാണ്‌ ക്ലാസ്‌ മുറികൾ ഒരുക്കിയത്‌. പാചകപ്പുര പഞ്ചായത്ത്‌ ഓഫീസിനോട്‌ ചേർന്ന്‌ പ്രവർത്തിക്കും.  പാഠപുസ്‌തകം നഷ്ടപ്പെട്ട 296 കുട്ടികൾക്ക്‌ പൊതുവിദ്യാഭ്യാസ വകുപ്പ്‌ പുസ്‌തകം ലഭ്യമാക്കി.  പഠനോപകരണ കിറ്റുകളും തയ്യാറാണ്‌. മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറേറ്റിൽനിന്ന്‌ 688 കിറ്റുകൾ ലഭിച്ചു. ബാക്കിയുള്ളവ ജില്ലാ ഭരണസംവിധാനം തയ്യാറാക്കി.  വിദ്യാലയത്തിൽ നിലവിലുള്ള ശുചിമുറി സൗകര്യത്തിനുപുറമേ ശുചിത്വമിഷൻ 20 ബയോ ടോയ്‌ലറ്റുകളും സജ്ജമാകും. 
ചൂരൽമല മേഖലയിലുള്ള വിദ്യാർഥികളെ മേപ്പാടിയിലെത്തിക്കാൻ രാവിലെയും വൈകിട്ടും കെഎസ്‌ആർടിസി മൂന്ന്‌ സ്‌റ്റുഡൻസ്‌ ഓൺലി സൗജന്യ  സർവീസ്‌ നടത്തും. സ്വകാര്യ ബസുകളിൽ  സൗജന്യ യാത്രാ പാസുണ്ട്‌.  തിങ്കൾ രാവിലെ പ്രവേശനോത്സവം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉദ്‌ഘാടനംചെയ്യും. മന്ത്രി ഒ ആർ കേളു അധ്യക്ഷനാകും.  
പ്രവേശനോത്സവത്തിന്‌  ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ നേതൃത്വത്തിൽ സംഘാടക സമിതി പ്രവർത്തിക്കുന്നുണ്ട്‌. മേപ്പാടി ജിഎച്ച്‌എസ്‌എസിലെ പിടിഎയും സജീവമായുണ്ട്‌. പ്രവേശനോത്സവത്തോടനുബന്ധിച്ച്‌ കലാവിരുന്നും ഒരുക്കിയിട്ടുണ്ട്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top