21 November Thursday

വെറ്ററിനറി കോംപ്ലക്‌സ്‌ സമർപ്പിച്ചു വനവിഷയങ്ങൾ ജനപങ്കാളിത്തത്തോടെ 
പരിഹരിക്കും: മന്ത്രി എ കെ ശശീന്ദ്രൻ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 1, 2024

കുപ്പാടി ആർആർടി ഓഫീസും വെറ്ററിനറി കോംപ്ലക്‌സും മന്ത്രി എ കെ ശശീന്ദ്രൻ ഉദ്‌ഘാടനംചെയ്യുന്നു

 

ബത്തേരി
വനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ജനപങ്കാളിത്തത്തോടെ പരിഹരിക്കുകയാണ്  ലക്ഷ്യമെന്ന്‌ മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. മുത്തങ്ങ, ബത്തേരി, തോൽപ്പെട്ടി റെയ്‌ഞ്ച് ഓഫീസുകൾക്ക്‌ പുതുതായി നിർമിക്കുന്ന കെട്ടിടങ്ങളുടെ  തറക്കല്ലിടലും കുപ്പാടി ആർആർടി ആൻഡ് വെറ്ററിനറി കോംപ്ലക്‌സിന്റെ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു മന്ത്രി.  
 മനുഷ്യ-–-വന്യമൃഗ സംഘർഷം ലഘൂകരിക്കാൻ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തും. നൂതന പരീക്ഷണമെന്ന നിലയിലാണ് സോളാർ ഹാങ്ങിങ് ഫെൻസിങ് നടപ്പാക്കിയത്. പദ്ധതി വിജയകരമാണെങ്കിലും എല്ലായിടത്തും ഫെൻസിങ് തന്നെയാണ് പരിഹാര മാർഗമെന്ന് തീരുമാനിക്കാനാവില്ല.  അതത് സ്ഥലത്തെ സവിശേഷത അനുസരിച്ചാണ് പദ്ധതികൾ നടപ്പാക്കുക. വനം വകുപ്പിനെ ജനസൗഹൃദ വകുപ്പാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങളാണ്‌ നടത്തുന്നത്‌. കർഷകർ, -ജന പ്രതിനിധികൾ, ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ എന്നിവരുടെ കൂട്ടായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നത്. കൂടുതൽ സംവിധാനങ്ങൾ ഉറപ്പാക്കി ജീവനക്കാരെ ശാക്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ബത്തേരി ആർആർടി ടീം ആൻഡ് എലിഫന്റ് സ്‌ക്വാഡ് റെയ്‌ഞ്ച് ഓഫീസർ കെ വി ബിജുവിന് 12 ബോർ പമ്പ്‌ ആക്‌ഷൻ ഗൺ മന്ത്രി കൈമാറി. 
കുപ്പാടി ആർആർടി ആൻഡ് വെറ്ററിനറി കോംപ്ലക്‌സിൽ നടന്ന പരിപാടിയിൽ ഐ സി ബാലകൃഷ്ണൻ എംഎൽഎ അധ്യക്ഷനായി. നഗരസഭാ ചെയർമാൻ ടി കെ രമേശ്, തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റ്‌ പി വി ബാലകൃഷ്ണൻ, നൂൽപ്പുഴ പഞ്ചായത്ത് പ്രസിഡന്റ്‌ ഷീജ സതീഷ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എ എൻ സുശീല, അമൽ ജോയി, വൈൽഡ് ലൈഫ് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ആൻഡ് ഫീൽഡ് ഡയറക്ടർ കെ വിജയാനന്ദൻ, ഉത്തര മേഖല ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കെ എസ് ദീപ, ഡിഎഫ്ഒമാരായ കെ ജെ മാർട്ടിൻ ലോവൽ, അജിത്ത് കെ രാമൻ, വന്യജീവി സങ്കേതം എഡിസിഎഫ് സൂരജ് ബെൻ, സോഷ്യൽ ഫോറസ്ട്രി എസിഎഫ് എം ടി ഹരിലാൽ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top