മേപ്പാടി
കാപ്പംകൊല്ലി ജങ്‌ഷനിൽ അപകടം തുടർക്കഥയാവുന്നു. ശനി രാവിലെ ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. ഒരാഴ്‌ചക്കുള്ളിലെ മൂന്നാമത്തെ അപകടമാണിത്. ആറുമാസം മുമ്പുണ്ടായ മറ്റൊരു അപകടത്തിൽ രണ്ട് വിദ്യാർഥികൾ മരിച്ചിരുന്നു.
മേപ്പാടി–-ചുണ്ടേൽ റോഡും, മേപ്പാടി–-കൽപ്പറ്റ റോഡും കൂടിച്ചേരുന്ന ജങ്‌ഷനാണ് കാപ്പംകൊല്ലി. ചുണ്ടേൽ ഭാഗത്തുനിന്നുവന്ന ബൈക്കും മേപ്പാടിയിൽനിന്ന് കൽപ്പറ്റയിലേക്ക് വരികയായിരുന്ന കാറുമായാണ് ഒടുവിലത്തെ അപകടം. ബൈക്ക് യാത്രികർക്ക് സാരമായി പരിക്കേറ്റു. ഇവരെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബൈക്ക് പൂർണമായും തകർന്നു.
ബുധനാഴ്‌ച ബൈക്കും ജീപ്പും കൂട്ടിയിടിച്ചായിരുന്നു അപകടം. തിങ്കളാഴ്‌ച ഇവിടെ തന്നെ രണ്ട് ബൈക്കുകൾ കൂട്ടിയിടിച്ചു. ആറുമാസം മുമ്പ് മേപ്പാടിയിലേക്ക് വരികയായിരുന്ന ബൈക്ക് യാത്രികരായ രണ്ട് വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. മേപ്പാടി പോളിടെക്‌നിക്കിലെ വിദ്യാർഥികളായിരുന്നു ബൈക്ക് യാത്രികർ. ഇരുവരും അപകടത്തിൽ മരിച്ചു.
ശാസ്‌ത്രീയമായ ഗതാഗത നിയന്ത്രണം ഇല്ലാത്തതാണ് അപകടങ്ങൾക്ക് കാരണം. അമിതവേഗത്തിൽ വരുന്ന വാഹനങ്ങൾ റോഡ് കുറുകെ തിരിയുമ്പോഴാണ് അപകടങ്ങളുണ്ടാവുന്നത്. താൽക്കാലികമായി ബാരിക്കേഡുകൾ റോഡിൽ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഫലമുണ്ടാവുന്നില്ല. തുടർച്ചയായുണ്ടാവുന്ന അപകടം ഇതാണ് വ്യക്തമാക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..