കൽപ്പറ്റ
ഉരുൾപൊട്ടൽ പുനരധിവാസം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് നടത്തിയ മാർച്ചിൽ യൂത്ത് കോൺഗ്രസ് നടത്തിയത് ബോധപൂർവമായ പ്രകോപനം. കലക്ടറേറ്റിന്റെ ഒന്നാം ഗേറ്റിലേക്കായിരുന്നു മാർച്ച് നിശ്‌ചയിച്ചിരുന്നത്. ഒന്നാം ഗേറ്റിൽ ബാരിക്കേഡ് മറികടക്കാൻ ശ്രമിക്കുന്നതിനിടെ പ്രവർത്തകന് പരിക്കേറ്റത് പൊലീസ് അക്രമമായി ചിത്രീകരിക്കാനായിരുന്നു ആദ്യ ശ്രമം. ഇത് വിജയിക്കാതെ വന്നതോടെ അക്രമിസംഘം ബോധപൂർവം രണ്ടാം ഗേറ്റിൽ എൻജിഒ യൂണിയൻ നേതൃത്വത്തിൽ സമാധാനപരമായി ധർണ നടത്തുകയായിരുന്ന ഭിന്നശേഷിക്കാരുടെ ഇടയിലേക്ക് ഇരച്ചു കയറുകയായിരുന്നു. ഭിന്നശേഷി ജീവനക്കാരുടെ വിവിധ ആവശ്യങ്ങൾ അംഗീകരിക്കണമെന്നാവശ്യപ്പെട്ട് കേരള എൻജിഒ യൂണിയന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായിരുന്നു ധർണ.
ധർണയിലേക്ക് ഇരച്ചുകയറിയ യൂത്ത് കോൺഗ്രസ് അക്രമികൾ സ്‌ത്രീകളെന്നോ, ഭിന്നശേഷിക്കാരെന്നോ പരിഗണന പോലുമില്ലാതെ അക്രമം അഴിച്ചുവിടുകയായിരുന്നെന്ന് യൂണിയൻ നേതാക്കൾ പറഞ്ഞു. കസേരകൊണ്ട് പലർക്കും അടിയേറ്റു. ധർണ ഉദ്‌ഘാടനം ചെയ്യുന്നതിനിടെയാണ് കസേരകൊണ്ട് തലക്ക് അടിയേറ്റതെന്ന് ഉദ്‌ഘാടകനായ സംസ്ഥാന സെക്രട്ടറിയറ്റംഗം കെ വിജയകുമാർ പറഞ്ഞു. കൈക്കാണ് അടിയേറ്റതെന്ന് പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന അർഷയും വിജിതയും പറഞ്ഞു. ഭിന്നശേഷിക്കാരിയായ സുനീറയും അടിയേറ്റ് നിലത്തുവീണു. കസേരകൾ ചിതറിക്കിടന്നു. ഇതിനിടയിൽ ജീവനക്കാർക്ക് സുരക്ഷ ഒരുക്കാൻ ശ്രമിച്ച കൽപ്പറ്റ എഎസ്‌ഐയെയും യൂത്ത് കോൺഗ്രസുകാർ മർദിച്ചു. ഇതോടെ സംഘർഷം രൂക്ഷമാവുകയും പൊലീസ് ലാത്തിച്ചാർജ് നടത്തുകയുമായിരുന്നു.
പൊലീസുകാർക്കെതിരെ കൊലവിളി നടത്തിയായിരുന്നു യൂത്ത് കോൺഗ്രസ് പ്രതിഷേധം. പൊലിസ് ഉദ്യോഗസ്ഥരെ പേരെടുത്ത് പറഞ്ഞായിരുന്നു പ്രവർത്തകരുടെ അഴിഞ്ഞാട്ടം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..