കുറുവദ്വീപ്
മരച്ചീനി, കുമ്പളം, മത്തൻ, തേങ്ങ, കറിവേപ്പില, ചീര തുടങ്ങി വിവിധയിനം പച്ചക്കറികളും ഇലക്കറികളുമായി കുടുംബശ്രീ നാട്ടുചന്ത ശ്രദ്ധേയമാവുന്നു. സംസ്ഥാന കുടുംബശ്രീ മിഷന്റെ ചലനം മെന്റർഷിപ്പ് ക്യാമ്പയിന്റെ ഭാഗമായിട്ടാണ് നാട്ടുചന്തകൾ ആരംഭിച്ചത്. മാനന്തവാടി നഗരസഭയിലെ കുറുവദ്വീപിലാണ് ആദ്യ ചന്ത ആരംഭിച്ചത്. ജൈവരീതിയിൽ വീടുകളിൽ ഉൽപ്പാദിപ്പിക്കുന്ന പച്ചക്കറികളും മറ്റും ആയതിനാൽ തന്നെ ആവശ്യക്കാർ ഏറെയാണ്. കുടുംബശ്രീ അംഗങ്ങളുടെ അടുക്കളത്തോട്ടങ്ങളിലെ പച്ചക്കറികളാണ് നാട്ടുചന്തയിലെത്തുന്നത്. പച്ചക്കറികളും മറ്റും വിപണനം നടത്തുന്നതോടെ കുടുംബശ്രീ അംഗങ്ങൾക്ക് സ്വയംപര്യാപ്‌തത കൈവരിക്കാൻ കഴിയും. നാട്ടുചന്തകൾ എല്ലാ ഡിവിഷനുകളിലും വ്യാപിപ്പാക്കാനാണ് കുടുംബശ്രീ പദ്ധതി. ചന്തയുടെ നഗരസഭാ ഉദ്ഘാടനം കുറുവദ്വീപിൽ നടന്നു. നഗരസഭാ സ്ഥിരംസമിതി ചെയർമാൻ വിപിൻ വേണുഗോപാൽ ഉദ്ഘാടനംചെയ്തു. സിഡിഎസ് ചെയർപേഴ്‌സൺ വത്സ മാർട്ടിൻ അധ്യക്ഷയായി. ഡിവിഷൻ കൗൺസിലർ ടി ജി ജോൺസൺ, ഗിരിജ പുരുഷോത്തമൻ, വിജയലക്ഷ്മി, മിനി, ആശ, റീന എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..