02 October Wednesday

പയ്യമ്പള്ളിയിലെ കാട്ടാനക്കൂട്ടത്തെ തുരത്തി

വെബ് ഡെസ്‌ക്‌Updated: Wednesday Oct 2, 2024

പയ്യമ്പള്ളി ജനവാസമേഖലയിലിറങ്ങിയ കാട്ടാന

മാനന്തവാടി
നഗരസഭാ പരിധിയിലെ പയ്യമ്പള്ളിയിൽ ഭീതിവിതച്ച കാട്ടാനക്കൂട്ടത്തെ കാട്ടിലേക്ക് തുരത്തി. ചൊവ്വ പുലർച്ചെ 4.30നാണ് രണ്ടാനകൾ പയ്യമ്പള്ളി മൊടോമറ്റത്തിൽ ആൽബർട്ടിന്റെ തോട്ടത്തിലെത്തിയത്. കൂടൽകടവ് പുഴ കടന്നാണ് ആനകളെത്തിയത്. പുലർച്ചെ ആറിന്‌ വനപാലകരെത്തി  ഒന്നിനെ കാടുകയറ്റി. എന്നാൽ രണ്ടാമനായ കൊമ്പൻ ആൽബർട്ടിന്റെ തോട്ടത്തിൽ തിരിച്ചെത്തി. അവിടെ നിന്ന് തുരത്താൻ ശ്രമിക്കുന്നതിനിടെ മലയിൽ പീടികയിൽ റോഡ് മുറിച്ചുകടന്ന് മുട്ടങ്കര വയലിൽ നിലയുറപ്പിച്ചു. പകൽ സമയത്ത് ജനവാസമേഖലയിൽ കാട്ടാനയെത്തിയതോടെ നാട്ടുകാർ ഭീതിയിലായി. ആനയെത്തിയതോടെ ഭയന്ന് പ്രദേശത്തെ കുട്ടികൾ സ്‌കൂളിൽ പോയില്ല.  രാവിലെ 9.30 ഓടെ വനപാലകരും നാട്ടുകാരും ഏറെ പ്രയത്‌നിച്ച് കൂടൽകടവ് പുഴ കടത്തി രണ്ടാമത്തെ ആനയെയും വനത്തിലേക്ക് കയറ്റിവിട്ടു.
 കഴിഞ്ഞ ദിവസം ദാസനക്കരയിൽ തെങ്ങ് മറിച്ചിടുന്നതിനിടെ ഷോക്കേറ്റ് ആന ചരിഞ്ഞിരുന്നു. മാനന്തവാടി നഗരസഭാ പരിധിയിൽ പയ്യമ്പള്ളി, കൂടൽക്കടവ്, മുട്ടങ്കര  എന്നിവിടങ്ങളിലെല്ലാം ആനശല്യം രൂക്ഷമാണ്.  പുഴകടന്നാണ് ഇവിടേക്ക് കാട്ടാനകളെത്തുന്നത്.  ബേഗൂർ റെയ്ഞ്ചിന് കീഴിലെ തൃശിലേരി  സെക്‌ഷൻ ഫോറസ്റ്റർ കെ കെ രതീഷ് കുമാർ, ബിഎഫ്ഒ എൻ സി ശരത്, വാച്ചർമാരായ വി ആർ നന്ദകുമാർ, അറുമുഖൻ, ആർആർടി ഫോറസ്റ്റർ ഇ സി രാജു എന്നിവരുടെ നേതൃത്വത്തിലാണ് ആനകളെ വനത്തിലേക്ക് തുരത്തിയത്.
 
Caption :

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top