02 October Wednesday

വയനാട് ഉത്സവ് തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Oct 2, 2024
കൽപ്പറ്റ
അതിജീവനത്തിന്റെ കാഹളം മുഴക്കി വയനാട് ഉത്സവിന് തിരിതെളിഞ്ഞു. എൻ ഊര് ഗോത്ര പൈതൃക ഗ്രാമത്തിൽ കലക്ടർ ഡി  ആർ  മേഘശ്രീ  മഹോത്സവത്തിന് തിരിതെളിച്ചു. ഇനി ഒന്നരയാഴ്ച വയനാടിന് വൈവിധ്യമാർന്ന കലാവിരുന്നിന്റെ നാളുകൾ.  ഉരുൾപൊട്ടൽ ദുരന്തത്തിന് ശേഷം തകർന്ന വയനാടിന്റെ  വിനോദ സഞ്ചാര മേഖലയെ  ഊർജിതമായി തിരിച്ചുകൊണ്ടുവരിക എന്നത്‌ ലക്ഷ്യമിട്ടാണ്‌ വയനാട്‌ ഉത്സവ്‌ സംഘടിപ്പിക്കുന്നത്‌. 
സഞ്ചാരികളെ വരൂ വയനാട് സുരക്ഷിതമാണ് എന്ന സന്ദേശത്തിന് പിന്നാലെയാണ് വയനാട് ഉത്സവ് എന്ന പേരിൽ വയനാട് ഫെസ്റ്റ് നടത്തുന്നത്. കാരാപ്പുഴ ഡാം, വൈത്തിരി എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം, ബത്തേരി ടൗണ്‍ സ്‌ക്വയര്‍  എന്നിവിടങ്ങളിലായാണ് വൈവിധ്യമാര്‍ന്ന പരിപാടികള്‍ നടക്കുന്നത്.
 ജില്ലാ ഭരണസംവിധാനം, ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ, എൻ ഊര്, ജലസേചന വകുപ്പ് എന്നിവയുടെ  നേതൃത്വത്തിലാണ് പരിപാടി. വൈത്തിരി എൻ ഊര് ഗോത്ര പൈതൃകഗ്രാമത്തിൽ ഗോത്രകലാരൂപങ്ങളുടെ  അവതരണം,  ഭക്ഷ്യമേള,  പ്രദർശന വിപണന മേള എന്നിവ നടന്നു.   പ്രത്യേകം സജ്ജീകരിച്ച ആംഫി തിയറ്ററിലാണ്‌  ഗോത്രകലകളുടെ പ്രദര്‍ശനം.  ഇന്റപ്രറ്റേഷന്‍ സെന്ററില്‍ എല്ലാ ദിവസവും രാവിലെ 10 മുതല്‍ രാത്രി ഏഴ്‌ വരെ തുടികൊട്ടല്‍, 10 മുതല്‍ വൈകിട്ട് 4 വരെ വട്ടക്കളി, നെല്ല്‌കുത്ത് പാട്ട്, വീഡിയോ പ്രസന്റേഷന്‍ എന്നിവയുണ്ടാകും. 
എൻ ഊരിൽ ബുധനാഴ്‌ച ഉദ്‌ഘാടനത്തിന്റെ ഭാഗമായി  നന്തുണി മ്യൂസിക് ട്രൂപ്പിന്റെ നാടന്‍പാട്ടും നാടന്‍ കലകളുടെയും അവതരണവും നടന്നു. വ്യാഴം  വൈകിട്ട് നാല്‌  മുതല്‍ 6.30 വരെ വയനാട് വയലേലയുടെ നാടന്‍പാട്ടുകളും നാടന്‍ കലാവിഷ്‌കാരവും അരങ്ങേറും. വെള്ളി വൈകിട്ട് 4 മുതല്‍ 6.30 വരെ തിറയാട്ടവും തുടർന്ന്‌  നാടന്‍പാട്ടും അരങ്ങേറും. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top