മേപ്പാടി
കോരിച്ചൊരിഞ്ഞ മഴയിൽ തോരാത്ത പ്രതിഷേധമായി ഡിവൈഎഫ്‌ഐ മനുഷ്യച്ചങ്ങല. മുണ്ടക്കൈ–-ചൂരൽമല ദുരന്തബാധിതരോടുള്ള കേന്ദ്ര വഞ്ചനക്കെതിരെ ജില്ലാ കമ്മിറ്റി മേപ്പാടിയിൽ തീർത്ത ചങ്ങല മനുഷ്യത്വത്തിന്റെ മതിലായി. സെന്റ് ജോസഫ്‌സ് സ്‌കൂൾ പരിസരത്ത് തുടങ്ങി ടൗണിലെ ജുമാ മസ്‌ജിദുവരെ നീണ്ട ചങ്ങലയിൽ ആയിരക്കണക്കിന് യുവജനങ്ങൾ അണിനിരന്നു. അർഹമായ സഹായം അനുവദിക്കാത്ത കേന്ദ്രവഞ്ചനയിൽ പ്രതിഷേധിച്ച് സ്‌ത്രീകൾ, കുട്ടികൾ, വ്യാപാരികൾ, തൊഴിലാളികൾ തുടങ്ങി ബഹുജനങ്ങളാകെ ഐക്യദാർഢ്യമായെത്തി. പ്രതിഷേധം അതിജീവനച്ചങ്ങലയായി. തിങ്കൾ വൈകിട്ട് 5.30ന് ചങ്ങല തീർത്ത് 5.35ന് കേന്ദ്രസർക്കാരിനോടുള്ള ആവശ്യങ്ങൾ നിരത്തി ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് കെ എം ഫ്രാൻസിസ് പ്രതിജ്ഞചൊല്ലിക്കൊടുത്തു. മുഷ്‌ടിചുരുട്ടി കൈകൾ നീട്ടി കണ്ണികളാകെ പ്രതിജ്ഞ ഏറ്റെടുത്തു.
‘മോദീ ഞങ്ങളും മനുഷ്യരാണ്’ എന്ന മുദ്രാവാക്യമുയർത്തിയുള്ള മനുഷ്യച്ചങ്ങലയിൽ സംസ്ഥാന സെക്രട്ടറി വി കെ സനോജ്, പ്രസിഡന്റ് വി വസീഫ്, ജില്ലാ സെക്രട്ടറി കെ റഫീഖ് എന്നിവർ കണ്ണിചേർന്നു.
പൊതുസമ്മേളനം വി കെ സനോജ് ഉദ്‌ഘാടനംചെയ്‌തു. സംഘാടക സമിതി ചെയർമാർ കെ കെ സഹദ് അധ്യക്ഷനായി. വി വസീഫ്, സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ, സംസ്ഥാന കമ്മിറ്റിയംഗം സി കെ ശശീന്ദ്രൻ, ഡിവൈഎഫ്‌ഐ ജില്ലാ ട്രഷറർ കെ ആർ ജിതിൻ, സംസ്ഥാന കമ്മിറ്റി അംഗം ഷിജി ഷിബു എന്നിവർ സംസാരിച്ചു. കെ റഫീഖ് സ്വാഗതവും കൽപ്പറ്റ ബ്ലോക്ക് സെക്രട്ടറി സി ഷംസുദ്ധീൻ നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..