24 December Tuesday

പാര്‍ക്കിങ്‌ സൗകര്യങ്ങളില്ല: വീര്‍പ്പുമുട്ടി മാനന്തവാടി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 4, 2024

തിരക്കേറിയ ഗവ. മെഡിക്കൽ കോളേജ് റോഡരികിലെ അനധികൃത പാർക്കിങ്‌

മാനന്തവാടി
പാർക്കിങ്‌ സൗകര്യമില്ലാതെ മാനന്തവാടി നഗരം വീർപ്പുമുട്ടുന്നു. പാർക്കിങ്‌ ഇല്ലാത്തതിനാൽ വാഹനവുമായി മാനന്തവാടി നഗരത്തിലെത്തിയവർ വലയുകയാണ്. അനധികൃത പാർക്കിങ്ങിലൂടെ പല ഭാഗത്തും ഗതാഗതക്കുരുക്കും അനുഭവപ്പെടുന്നു.   മാനന്തവാടി നഗരത്തിൽ കോഴിക്കോട് റോഡിൽ ഉണ്ടായിരുന്ന സ്വകാര്യ പാർക്കിങ്‌ കേന്ദ്രവും കൂടി അടച്ചതോടെയാണ്‌ സ്ഥിതി രൂക്ഷമായത്‌.  കോഴിക്കോട് റോഡിൽ ഇരുചക്രവാഹനങ്ങൾ താൽക്കാലികമായി പാർക്കുചെയ്യുന്നയിടത്ത് മഴപെയ്ത് ചെളിയായതോടെ ഇരുചക്രവാഹനങ്ങൾപോലും പാർക്ക് ചെയ്യാൻ കഴിയുന്നില്ല. പാർക്കിങ്‌ സൗകര്യങ്ങൾ ഒരുക്കുന്നതിൽ നഗരസഭാ അധികൃതരുടെ ഭാഗത്തുനിന്ന്‌ കടുത്ത അനസ്ഥയാണ്‌ ഉണ്ടാവുന്നതെന്നാണ്‌ വാഹനയാത്രക്കാരുടെ പരാതി.  
   ഓണക്കാലം അടുക്കുന്നതോടെ പാർക്കിങ്‌ സൗകര്യമില്ലാത്തത്‌  നഗരത്തെ പൂർണമായും ഗതാഗതക്കുരുക്കിലാക്കും. ഏറ്റവും പ്രധാനപ്പെട്ട റോഡുകളിൽ ഒന്നായ വയനാട്‌ മെഡിക്കൽ കോളേജ് റോഡിലാണ് ഏറ്റവും കൂടുതൽ ഗതാഗത തടസ്സം. രോഗികളെയുംകൊണ്ട് ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ സഞ്ചരിക്കേണ്ടതിനാൽ ഈ ഭാഗത്ത് അനധികൃത പാർക്കിങ്‌ മൂലം ഗതാഗതക്കുരുക്കും രൂക്ഷമാണ്‌. മാനന്തവാടി ഗവ. യുപി സ്‌കൂൾ, വില്ലേജ് ഓഫീസ്, സബ് രജിസ്‌ട്രാർ ഓഫീസ്, പിഡബ്ല്യുഡി ഓഫീസ് എന്നിവയുടെ മുൻവശത്തും വിവിധ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് മൂലം ഇതിലൂടെ സഞ്ചരിക്കുന്ന സ്‌കൂൾ വിദ്യാർഥികൾ ഉൾപ്പെടെയുള്ള കാൽനടയാത്രക്കാർക്ക് ദുരിതമാണ്. ട്രാഫിക് പൊലീസ് പരിശോധന കർശനമായി നടപ്പാക്കണമെന്നും നഗരസഭാ അധികൃതർ ആവശ്യമായ പാർക്കിങ്‌ സൗകര്യമൊരുക്കണമെന്നുമുള്ള ആവശ്യം ശക്തമാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top