കൽപ്പറ്റ
താൽക്കാലികമായി പുനരധിവസിപ്പിച്ച ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ വീടുകൾക്കുള്ള വാടക ഈ ആഴ്‌ചമുതൽ നൽകിത്തുടങ്ങും. വൈത്തിരി താലൂക്ക് ഓഫീസിൽനിന്നും ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് തുക നിക്ഷേപിക്കുമെന്ന് റവന്യു അധികൃതർ അറിയിച്ചു. മാസം ആറായിരം രൂപ വീതമാണ് സർക്കാർ വാടക നൽകുക.
വിവിധ തദ്ദേശസ്ഥാപന പരിധികളിലെ വാടക വീടുകളിൽ താമസിക്കുന്ന കുടുംബങ്ങളുടെ വിവരശേഖരണം പൂർത്തിയായി. വാടക വീടുകളിൽ കഴിയുന്നവർക്ക് സർക്കാർ നിശ്ചയിച്ച തുക അനുവദിക്കാനുള്ള വിവര ശേഖരണമാണ് നടത്തിയത്. ജില്ലയിലെ 18 തദ്ദേശ സ്ഥാപനങ്ങളിലായി 888 കുടുംബങ്ങളെയാണ് താൽക്കാലികമായി പുനരധിവസിപ്പിച്ചത്.
388 കുടുംബങ്ങൾ മേപ്പാടി പഞ്ചായത്ത് പരിധിയിലുണ്ട്. മൂപ്പൈനാട്–146, കൽപ്പറ്റ നഗരസഭ–-143, മുട്ടിൽ–- -64, കണിയാമ്പറ്റ–--38, വൈത്തിരി-–- 37, അമ്പലവയൽ–--23, വെങ്ങപ്പള്ളി-–-15, നെന്മേനി-–-10, മീനങ്ങാടി-–-8, പൊഴുതന–--7, വെള്ളമുണ്ട-–-2, പനമരം–--2 എന്നിങ്ങനെയാണ് കുടുംബങ്ങളുടെ കണക്ക്.
കോട്ടത്തറ, തരിയോട്, തിരുനെല്ലി, പുൽപ്പള്ളി, ബത്തേരി നഗരസഭാ പരിധികളിലായി ഓരോ കുടുംബവുമുണ്ട്.
വാടക അനുവദിക്കുന്നതിന് കുടുംബനാഥന്റെ ബാങ്ക് അക്കൗണ്ട് വിവരം രേഖപ്പെടുത്തിയ സത്യവാങ്മൂലശേഖരണവും പൂർത്തിയായി. തദ്ദേശ സ്ഥാപനങ്ങളിലെ മെമ്പർമാർ, ജീവനക്കാർ എന്നിവർ മുഖേനയാണ് സത്യവാങ്മൂലം ശേഖരിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..