04 October Friday

മാതൃകാ നടപടികൾ അതിജീവനപാതയിൽ മുന്നോട്ട്‌

വെബ് ഡെസ്‌ക്‌Updated: Friday Oct 4, 2024

 

കൽപ്പറ്റ
ഉരുൾപൊട്ടി രണ്ടുമാസം കഴിഞ്ഞിട്ടും സഹായിക്കാതെ കേന്ദ്രം മുഖംതിരിഞ്ഞ്‌ നിൽക്കുമ്പോഴും അതിജീവനപാതയിൽ സംസ്ഥാനം അതിവേഗം മുന്നോട്ട്‌. കേന്ദ്രസഹായത്തിന്‌ കാക്കാതെ സ്ഥിരം പുനരധിവാസ നടപടികളിലേക്ക്‌ സംസ്ഥാന സർക്കാർ നീങ്ങുകയാണ്‌. റെക്കോഡ്‌ വേഗത്തിൽ താൽക്കാലിക പുനരധിവാസം പൂർത്തിയാക്കിയതിന്‌ പിന്നാലെയാണ്‌ മേപ്പാടി നെടുമ്പാലയിലും കൽപ്പറ്റ എൽസ്‌റ്റണിലും സ്ഥിര പുനരധിവാസത്തിന്‌ ഭൂമി ഏറ്റെടുക്കാൻ തീരുമാനിച്ചത്‌. 
ഉരുൾപൊട്ടലിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികൾക്ക്‌ 10 ലക്ഷം രൂപ വീതവും മാതാപിതാക്കളിൽ ഒരാൾ നഷ്ടപ്പെട്ടവർക്ക്‌ അഞ്ചുലക്ഷം രൂപ വീതവും നൽകും. കുടുംബാംഗങ്ങളും പ്രതിശ്രുതവരനും നഷ്ടമായ ശ്രുതിക്ക്‌ ജോലി നൽകാനും തീരുമാനമായി. ദുരന്തബാധിതർക്കായി മനുഷ്യസാധ്യമായതെല്ലാം ചെയ്യുകയാണ്‌.  
 രക്ഷാപ്രവർത്തനത്തിന്റെ അതേവേഗമാണ്‌ അതിജീവനത്തിനും. ദുരിതാശ്വാസ ക്യാമ്പിലുണ്ടായിരുന്ന 794 കുടുംബങ്ങളെ 28 ദിവസംകൊണ്ടാണ്‌ താൽക്കാലികമായി പുനരധിവസിപ്പിച്ചത്‌. 
ഉരുളിൽ തകർന്ന മുണ്ടക്കൈ ഗവ. എൽപിയും വെള്ളാർമല ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളും മേപ്പാടിയിൽ തുറന്നു. ദുരന്തബാധിതർക്ക് ഇതുവരെ പതിനൊന്ന് കോടിയിലധികം രൂപ സഹായം നൽകി.  
ജൂലൈ 29ന്‌ അർധരാത്രിയാണ്‌ ഉരുൾപൊട്ടി മുണ്ടക്കൈയും ചൂരൽമലയും ഒഴുകിപ്പോയത്‌. സമാനതകളില്ലാത്ത രക്ഷാപ്രവർത്തനമാണ് സർക്കാർ നടത്തിയത്. കാണാതായവർക്കുള്ള തിരച്ചിലിനും താൽക്കാലിക  പുനരധിവാസത്തിനും അതിവേഗമായിരുന്നു. നാല്‌ മന്ത്രിമാരടങ്ങുന്ന ഉപസമിതി ജില്ല കേന്ദ്രീകരിച്ച്‌ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.  
മൃതദേഹ സംസ്‌കാരത്തിന്‌ അടിയന്തര സഹായമായി പതിനായിരം,  ജീവനോപാധി നഷ്‌ടപ്പെട്ടവർക്ക്‌ പതിനായിരം, മരിച്ചവരുടെ ആശ്രിതർക്ക്‌ ആറുലക്ഷം രൂപയും നൽകി. ഉപജീവനത്തിന്‌ ഒരു കുടുംബത്തിലെ രണ്ടുപേർക്ക്‌  പ്രതിദിനം മുന്നൂറ്‌ രൂപവീതം ഒരുമാസത്തേക്ക് നൽകി. വാടകവീടുകൾ, സർക്കാർ ക്വാർട്ടേഴ്‌സുകൾ, ബന്ധുവീടുകൾ എന്നിവിടങ്ങളിലേക്കാണ്‌ ദുരിതബാധിതരെ താൽക്കാലികമായി മാറ്റിയത്‌. ഫർണിച്ചർ ഉൾപ്പെടെ മുഴുവൻ സാധനങ്ങളും നൽകി. പ്രത്യേക അദാലത്ത്‌ നടത്തി നഷ്ടപ്പെട്ട രേഖകൾ തിരികെ നൽകി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top