08 October Tuesday

‘തൊള്ളായിരം കണ്ടി 
 ഫുൾ ഓണാണേ...’

വെബ് ഡെസ്‌ക്‌Updated: Friday Oct 4, 2024

ജീപ്പിൽ തൊള്ളായിരം കണ്ടി കയറുന്ന സഞ്ചാരികൾ

 
ചൂരൽമല
തൊള്ളായിരം കണ്ടിയുടെ മനോഹാരിത സഞ്ചാരികളിലേക്ക്‌ പകർന്ന്‌ ഓഫ്‌റോഡിലൂടെ ജീപ്പുകൾ മലകയറി തുടങ്ങി. ഉരുൾപൊട്ടലിനും ദിവസങ്ങൾക്കുമുമ്പ്‌ ജാഗ്രതാ നിർദേശത്തെ തുടർന്ന്‌ അടച്ചിടേണ്ടിവന്ന ഗ്ലാസ്‌ ബ്രിഡ്‌ജുകളും റിസോർട്ടുകളും തുറന്നു. ജീപ്പുമായി സഞ്ചാരികളെ മലകയറ്റിയിരുന്ന ബഷീർ, മഹേഷ്‌, ലത്തീഫ്‌, ലെനിൻ എന്നിവരുടെ വിടവും ഉരുളിൽ നഷ്‌ടമായ ഉറ്റവരുടെ ഓർമകളും മനസ്സിലൊതുക്കി സഞ്ചാരികളെ സാഹസിക വിനോദത്തിലൂടെയവർ ആനന്ദിപ്പിച്ചു. 
ബുധനാഴ്‌ച 30 ജീപ്പുകളും വ്യാഴം 50 ജീപ്പുകളും മലകയറിയിറങ്ങി. രണ്ടു ദിവസങ്ങളിലുമായി എണ്ണൂറിലധികം സഞ്ചാരികളാണ്‌ ഇവിടെയെത്തിയത്‌. ദുരന്തം ടൂറിസം മേഖലയിലുണ്ടാക്കിയ തിരിച്ചടി ആഴത്തിൽ ബാധിച്ച വിനോദസഞ്ചാര കേന്ദ്രമായിരുന്നു തൊള്ളായിരം കണ്ടി. ഡ്രൈവർമാരും വിനോദസഞ്ചാര മേഖലയിൽ പ്രവർത്തിക്കുന്ന മറ്റുള്ളവരുമുൾപ്പെടെ അറുനൂറോളം പേരുടെ ഉപജീവനമാർഗമാണ്‌ എഴുപതിലധികം ദിവസം അടഞ്ഞത്‌. മൂന്നൂറോളം കുടുംബങ്ങളെ ബാധിച്ചു. തൊള്ളായിരംകണ്ടിയെ ആശ്രയിക്കുന്ന ഭൂരിഭാഗം തൊഴിലാളികളും മുണ്ടക്കൈ, ചൂരൽമല ദുരന്തംനേരിട്ട്‌ ബാധിച്ചവരാണ്‌. പലരുടെയും കുടുംബാംഗങ്ങളും വീടും ജീപ്പുമെല്ലാം നഷ്‌ടമായിരുന്നു. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർ മുതൽ തോട്ടം തൊഴിലാളികൾ ആയിരുന്നവർവരെ വളയംപിടിച്ച്‌ ജീവിതസ്വപ്‌നങ്ങൾ നെയ്യുകയായിരുന്നു ഇവിടെ. ഉപജീവന മാർഗം തിരിച്ചുകിട്ടിയ സന്തോഷത്തിലാണിപ്പോൾ തൊഴിലാളികൾ. 217 ജീപ്പുകളാണ്‌ ഓഫ്‌റോഡ്‌ സർവീസിനുള്ളത്‌. ആദ്യ രണ്ടുദിവസങ്ങളിലെ സഞ്ചാരികളുടെ തിരക്ക്‌ തിരിച്ചുവരവിന്റെ പ്രതീക്ഷ നൽകുകയാണെന്ന്‌ ഡ്രൈവർമാർ പറഞ്ഞു. ദുരന്തത്തിൽ മരിച്ച നാല്‌ ഡ്രൈവർമാരുടെ വിയോഗത്തിൽ സംയുക്ത ഡ്രൈവേഴ്‌സ്‌ യൂണിയന്റെ നേതൃത്വത്തിൽ അനുശോചനയോഗം ചേർന്ന ശേഷമാണ്‌ സർവീസ്‌ പുനരാരംഭിച്ചത്‌. പതിനഞ്ചിലധികം റിസോർട്ടുകൾ, വിവിധ സാഹസിക വിനോദോപാധികൾ ഗ്ലാസ്‌ബ്രിഡ്‌ജ്‌ എന്നിവയെല്ലാമാണ്‌ സഞ്ചാരികളെ വരവേൽക്കുന്നത്‌.
 
സഞ്ചാരികളിൽനിന്ന്‌ 
മികച്ച പ്രതികരണം
ദുരന്തം ടൂറിസം മേഖലയിലുണ്ടാക്കിയ പ്രതിസന്ധികളെല്ലാം തരണം ചെയ്യാനാകുമെന്നാണ്‌ തൊള്ളായിരം കണ്ടി തുറന്നപ്പോൾ തെളിയുന്നത്‌. മറ്റു സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ നൂറുകണക്കിന്‌ സഞ്ചാരികളാണ്‌ എത്തിയത്‌. വിനോദസഞ്ചാര മേഖല പഴയതിലും മികച്ചതാവുമെന്നാണ്‌ പ്രതീക്ഷ. പൂജാ അവധി അടുക്കുമ്പോൾ കൂടുതൽ സഞ്ചാരികൾ എത്തുമെന്നാണ്‌ പ്രതീക്ഷ.
–-കെ ആർ മനോജ്‌ കുമാർ, 
ചൂരൽമല

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top