04 October Friday

മൂന്ന്‌ സ്‌കൂൾ കെട്ടിടങ്ങൾ ഇന്ന്‌ നാടിന്‌ സമർപ്പിക്കും

വെബ് ഡെസ്‌ക്‌Updated: Friday Oct 4, 2024

ഉദ്‌ഘാടനത്തിനൊരുങ്ങിയ മേപ്പാടി ഹയർ സെക്കൻഡറി സ്‌കൂൾ കെട്ടിടം

കൽപ്പറ്റ
ജില്ലയിലെ മൂന്ന്‌ സ്‌കൂളുകൾക്ക്‌ നിർമിച്ച കെട്ടിടങ്ങൾ ശനിയാഴ്‌ച നാടിന്‌ സമർപ്പിക്കും. സ്‌കൂളുകളെ  മികവിന്റെ കേന്ദ്രമായി ഉയർത്തുന്നതിനായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതികളുടെ  ഭാഗമായാണ്‌ പുതിയ കെട്ടിടങ്ങൾ പണിതത്‌. 2016ൽ എൽഡിഎഫ്‌ സർക്കാർ തുടക്കമിട്ട സ്‌കൂളുകളെ അന്തരാഷ്‌ട്ര നിലവാരത്തിലേക്കെത്തിക്കുന്ന പ്രവർത്തനത്തിന്റെ തുടർച്ചയായാണ്‌ ജില്ലയിലെ കൂടുതൽ സ്‌കൂളുകൾക്ക്‌ പുതിയ കെട്ടിടങ്ങളും സൗകര്യങ്ങളും ഒരുങ്ങുന്നത്‌.  പനമരം, മേപ്പാടി ഹയർ സെക്കൻഡറി സ്‌കൂളുകളുടെയും മാനന്തവാടി യുപി സ്‌കൂൾ കെട്ടിടത്തിന്റെയും ഉദ്ഘാടനമാണ് നടക്കുന്നത്‌. ചീരാൽ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടലും നടക്കും. 
    കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി മൂന്നുകോടി ചെലവിലാണ്‌ പനമരം ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ നർമിച്ചത്‌. അഞ്ച് ക്ലാസ് മുറികൾ, കംപ്യൂട്ടർ  ലാബ്, ഡൈനിങ് ഹാൾ, വർക്ക് ഏരിയ, ശുചിമുറി ബ്ലോക്കുകൾ എന്നിവയടങ്ങിയതാണ്‌ കെട്ടിടം. പ്ലാൻ ഫണ്ടിൽനിന്ന്‌  1.33 കോടി രൂപ ചെലവഴിച്ച്‌ നിർമിച്ച മേപ്പാടി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ കെട്ടിടത്തിൽ ആറ് ക്ലാസ് മുറികൾ, ശുചിമുറികൾ, റീട്ടെയ്‌നിങ് വാൾ എന്നിവയുണ്ട്‌. മാനന്തവാടി ഗവ. യുപി സ്‌കൂളിൽ ഒരുകോടി രൂപ ചെലവിൽ നിർമിച്ച കെട്ടിടത്തിൽ ആറ് ക്ലാസ് മുറികൾ, ടോയ്‌ലറ്റ് ബ്ലോക്കുകൾ എന്നിവയാണ് ഉൾപ്പെടുന്നത്. 3.9 കോടി വിനിയോഗിച്ച് ചീരാൽ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നിർമിക്കുന്ന കെട്ടിടത്തിൽ ഒമ്പത് ക്ലാസ് മുറികൾ, ഓഫീസ് റൂം, സ്റ്റാഫ് റൂം, ലബോറട്ടറികൾ, ലൈബ്രറി, റീഡിങ് റൂം, ടോയ്‌ലറ്റ് ബ്ലോക്കുകൾ എന്നിവ  ഉൾപ്പെടും. സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം ശനി രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. ജില്ലയിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി ഒ ആർ കേളു, എംഎൽഎമാരായ ഐ സി ബാലകൃഷ്‌ണൻ, ടി സിദ്ധിഖ്‌ എന്നിവർ പങ്കെടുക്കും. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top