കോടിയേരി ബാലകൃഷ്‌ണൻ നഗർ (ചീരാൽ എയുപി സ്‌കൂൾ)
വന്യമൃഗശല്യം പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സിപിഐ എം ബത്തേരി ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. കേന്ദ്ര വനം–-വന്യജീവി സംരക്ഷണനിയമം ഭേദഗതി ചെയ്യുന്നതിനുള്ള നടപടി കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നതിന് പാർലമെന്റിൽ സമ്മർദം ചെലുത്തണം. ആദിവാസികളും കുടിയേറ്റ കർഷകരും കൂടുതലായി അധിവസിക്കുന്ന ജില്ലയിൽ ജനവാസകേന്ദ്രങ്ങളിൽ വന്യമൃഗങ്ങളെത്തുന്നത് പതിവായിരിക്കുകയാണ്. വന്യമൃഗാക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ എണ്ണം വർധിക്കുകയാണ്. വന്യമൃഗശല്യം പരിഹരിക്കുന്നതിന് കേരളം സമർപ്പിച്ച 620 കോടിയുടെ പദ്ധതിക്ക് കേന്ദ്രം അംഗീകാരം നൽകണം. വന്യമൃഗശല്യത്തിന് ശാശ്വതപരിഹാരം ഉണ്ടാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ദേശീയപാത 766ലെ രാത്രിയാത്രാ നിരോധനം പിൻവലിക്കുക, മധ്യപ്രദേശ് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ബീനാച്ചി എസ്‌റ്റേറ്റ് സർക്കാർ ഏറ്റെടുക്കുക, നമ്പ്യാർകുന്ന് ജിഎൽപി സ്‌കൂളിനടുത്തുള്ള അഞ്ചേക്കർ സ്ഥലം വനിതാ ഐടിഐ, ഗവ. കോളേജ് എന്നിവക്ക് വിട്ടുനൽകുക എന്നീ പ്രമേയങ്ങളും പാസാക്കി.
ഞായർ രാവിലെ പുനരാരംഭിച്ച സമ്മേളനത്തിൽ പൊതുചർച്ചക്ക് ഏരിയാ സെക്രട്ടറി പി ആർ ജയപ്രകാശും ജില്ലാ സെക്രട്ടറി പി ഗഗാറിനും മറുപടി പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം സി കെ ശശീന്ദ്രൻ സംസാരിച്ചു. ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ കെ റഫീഖ്, പി വി സഹദേവൻ, വി വി ബേബി എന്നിവർ പങ്കെടുത്തു. ക്രഡൻഷ്യൽ റിപ്പോർട്ട് കമ്മിറ്റി കൺവീനർ കെ കെ പൗലോസ് അവതരിപ്പിച്ചു.
വൈകിട്ട് ബഹുജന പ്രകടനത്തോടെയും പൊതുസമ്മേളനത്തോടെയുമാണ് സമ്മേളനം സമാപിച്ചത്. പ്രകടനത്തിന് മുന്നിലായി ചുവപ്പ് വളന്റിയർ മാർച്ചുമുണ്ടായി. ടൗണിലെ പി എ മുഹമ്മദ് നഗറിൽ ചേർന്ന പൊതുസമ്മേളനം ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് ജെയ്‌ക് സി തോമസ് ഉദ്‌ഘാടനം ചെയ്‌തു. ഏരിയാ സെക്രട്ടറി പി ആർ ജയപ്രകാശ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗം വി വി ബേബി, ജില്ലാ കമ്മിറ്റി അംഗം സുരേഷ് താളൂർ എന്നിവർ സംസാരിച്ചു. എം എസ് ഫെബിൻ സ്വാഗതവും സി ശിവശങ്കരൻ നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..