23 December Monday

തുലാവർഷം ശക്തം 
കഴിഞ്ഞമാസം 192.9 മില്ലിമീറ്റർ

വെബ് ഡെസ്‌ക്‌Updated: Monday Nov 4, 2024
കൽപ്പറ്റ
ജില്ലയിൽ തുലാവർഷം ശക്തമായി തുടരുന്നു. മഞ്ഞ അലർട്ട്‌ പ്രഖ്യാപിച്ച ഞായറാഴ്‌ച ജില്ലയിൽ പലയിടത്തും ഇടിയോടുകൂടിയ ശക്തമായ മഴ പെയ്‌തു. വരും ദിവസങ്ങളിലും  മഴ പ്രവചിക്കുന്നുണ്ട്‌. കാലവർഷം പിന്നിട്ടശേഷം ഒക്‌ടോബർ ഒന്നുമുതൽ നവംബർ മൂന്നുവരെയുള്ള കണക്ക്‌ പ്രകാരം ജില്ലയിൽ 192.9 മില്ലിമീറ്റർ മഴ ലഭിച്ചു. തുലാവർഷക്കാലയളവിൽ രണ്ടാഴ്‌ച പിന്നിടുമ്പോൾ  മാത്രം 116.3 മില്ലിമീറ്റർ മഴ പെയ്‌തു.  പ്രതീക്ഷിച്ചതിനേക്കാൾ 15 ശതമാനം  മഴക്കുറവാണ്‌ രേഖപ്പെടുത്തിയത്‌. വരും ദിവസങ്ങളിലും ശക്തമായ മഴ പ്രവചിക്കുന്നുണ്ട്‌. തുലാവർഷം തുടക്കത്തിൽ മാനന്തവാടി, തലപ്പുഴ, പേര്യ, നിരവിൽപ്പുഴ ഭാഗങ്ങളിലെല്ലാം കനത്ത മഴ ലഭിച്ചിരുന്നു. ഒരാഴ്‌ച മഴ പിന്നോട്ടടിച്ചെങ്കിലും കഴിഞ്ഞ മൂന്നുനാല്‌ ദിവസങ്ങളായി മഴ വീണ്ടും ശക്തമായി. കഴിഞ്ഞ വർഷം തുലാവർഷത്തിൽ  282.8 മില്ലിമീറ്റർ മഴയാണ്‌ പെയ്‌തത്‌. തുലാവർഷം വാഴക്കർഷകരുൾപ്പെടെയുള്ള  കാർഷികമേഖലക്ക്‌ ഗുണകരമാവും. 
    തെക്ക്‌ പടിഞ്ഞാറൻ കാലവർഷക്കാലയളവായ ജൂൺ മുതൽ സെപ്‌തംബർ 30 വരെ ജില്ലയിൽ പെയ്‌തത്‌ 1713.3 മില്ലിമീറ്റർ മഴയാണ്‌.  പ്രവചിക്കപ്പെട്ടതിനെക്കാൾ 30 ശതമാനം മഴ കുറവാണുണ്ടായത്‌. കാലവർഷത്തിൽ സംസ്ഥാനത്ത്‌ പ്രതീക്ഷിച്ച മഴയേക്കാൾ കുറവ്‌ മഴ ലഭിച്ചതിൽ രണ്ടാം സ്ഥാനത്താണ്‌ ജില്ല. സംസ്ഥാനത്ത്‌ ശരാശരി 13 ശതമാനം മാത്രം മഴക്കുറവാണ്‌ തെക്ക്‌ പടിഞ്ഞാറൻ കാലവർഷക്കാലയളവിലുണ്ടായത്‌. അതേസമയം ജില്ലയിൽ കഴിഞ്ഞവർഷത്തേക്കാൾ 609 മില്ലിമീറ്റർ കൂടുതൽ മഴ ഇത്തവണ ലഭിച്ചു. 
മുൻവർഷങ്ങളിൽനിന്ന്‌ വ്യത്യസ്‌തമായി ഈ വർഷം കാലവർഷം തുടക്കത്തിൽ തന്നെ മഴ ലഭിച്ചിരുന്നു. പിന്നാലെ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലടക്കമുണ്ടായത്‌  ജില്ലയെ നടുക്കി.  ആഗസ്‌ത്‌ പകുതിയോടെ മഴ പിന്നോട്ടടിച്ചെങ്കിലും സെപ്‌തംബറിൽ ഭേദപ്പെട്ട മഴ ലഭിച്ചു. സെപ്‌തംബറിൽ 400 മില്ലിമീറ്ററിലധികം മഴ ലഭിച്ചു. ഒക്‌ടോബറിൽ മഴ കുറഞ്ഞുതുടങ്ങിയെങ്കിലും തുലാവർഷമെത്തിയതോടെ വീണ്ടും മഴ കനത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top