കൽപ്പറ്റ
ഓപ്പറേഷൻ റോയൽ സ്ട്രൈപ്സിന്റെ’ ഭാഗമായി സർവസന്നാഹങ്ങൾ ഒരുക്കിയിട്ടും പിടിതരാതെ കടുവാ കുടുംബം. പ്രദേശത്ത് സ്ഥാപിച്ച കാമറകളിൽ ശനിയാഴ്ചയും ചിത്രങ്ങളൊന്നും പതിഞ്ഞില്ല. 23 ട്രാപ് കാമറകളും മൂന്ന് നിർമിത ബുദ്ധി കാമറകളുമാണ് ആനപ്പാറ പ്രദേശത്തെ രണ്ട് കിലോമീറ്റർ പരിധിയിൽ സ്ഥാപിച്ചിരുന്നത്. ഡ്രോൺ പരിശോധനയും നടത്തിയിരുന്നു. ഞായറാഴ്‌ച കടുവ വേങ്ങാകോട് ഭാഗത്ത് നീങ്ങിയതായി വനം വകുപ്പ് അധികൃതർ പറഞ്ഞു. സ്ഥലത്ത് കടവയുടെ കാൽപ്പാട് കണ്ടത് അധികൃതർ സ്ഥിരീകരിച്ചു.
ഞായർ പകൽ 12 വരെ വനപാലകരുടെ സംരക്ഷണത്തിൽ എസ്റ്റേറ്റിൽ ചപ്പ് നുള്ളി. അടിയന്തര സാഹചര്യം നേരിടാൻ വെറ്ററിനറി ഡോക്ടർമാരുടെ സംഘവും പ്രദേശത്തുണ്ട്. വനപാലകസംഘവും ആർആർടി അംഗങ്ങളും പട്രോളിങ് നടത്തുന്നുണ്ട്. ആനപ്പാറയിലെ എസ്റ്റേറ്റ് പാടിക്ക് സമീപം കണ്ട ആൺകടുവയും പിന്നീട് പ്രദേശത്ത് എത്തിയിട്ടില്ല. കഴിഞ്ഞ 21നാണ് മൂന്ന് പശുക്കളെ എസ്റ്റേറ്റിൽ കടുവാ കുടുംബം ആക്രമിച്ച് ചത്തനിലയിൽ കണ്ടെത്തിയത്. തുടർന്ന് വേട്ടയാടിയ പശുക്കളെ ഭക്ഷിക്കാനല്ലാതെ കടുവകളുടെ സാന്നിധ്യം എസ്റ്റേറ്റിൽ കണ്ടെത്തിയിട്ടില്ല. മൈസൂരുവിൽനിന്ന് ഭീമൻ കൂട് എത്തിച്ച് എസ്റ്റേറ്റിൽ സ്ഥാപിച്ചതിന് ശേഷം കൂടിനടുത്തും കടുവകൾ എത്തിയിട്ടില്ല. ആനപ്പാറയ്ക്ക് അടുത്തുള്ള പ്രദേശങ്ങളിൽ വളർത്തുമൃഗങ്ങളെ ആക്രമിച്ച സംഭവവും ഉണ്ടായിട്ടില്ല. അമ്മക്കടുവയുടെയും കുട്ടികളുടെയും നീക്കങ്ങൾ മനസ്സിലാക്കാൻ വനം വകുപ്പ് 24 മണിക്കൂറും നിരീക്ഷണം നടത്തുന്നുണ്ട്. രാത്രിയിലടക്കം ശക്തമായ കാവൽ ഒരുക്കിയിട്ടുണ്ട്.
ഉത്തര മേഖല ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കെ എസ് ദീപ, സൗത്ത് വയനാട് ഡിഎഫ്ഒ അജിത് കെ രാമൻ, ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ അരുൺ സക്കറിയ, അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ അജേഷ് മോഹൻദാസ്, മേപ്പാടി റെയ്‌ഞ്ച് ഓഫീസർ ഡി ഹരിലാൽ, വൈത്തിരി ഡെപ്യൂട്ടി റെയ്‌ഞ്ച് ഓഫീസർ കെ പി ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് ദൗത്യം പുരോഗമിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..