കൽപ്പറ്റ
ജിങ്കിൾ ബെൽസ് മുഴക്കി വിപണിയിൽ നക്ഷത്ര ദീപങ്ങൾ നിറയുന്നു. ക്രിസ്‌മസ്, പുതുവർഷത്തെ വരവേൽക്കാൻ താരകങ്ങൾ നിറഞ്ഞു. കടലാസ് നക്ഷത്രങ്ങൾ മുതൽ കൂറ്റൻ എൽഇഡി ജംബോ നക്ഷത്രങ്ങൾവരെയുണ്ട്. ടേബിൾ ടോപ്പ് ക്രിസ്‌മസ് ട്രീ മുതൽ മടക്കി സഞ്ചിയിലാക്കാൻ കഴിയുന്ന ബഹുവർണ പിരമിഡ് ലൈറ്റുവരെ നീളുന്നതാണ് ക്രിസ്‌മസ് വിപണിയിലെ വൈവിധ്യങ്ങൾ.
സാന്താക്ലോസ്, പുൽക്കൂട്, ക്രിസ്‌മസ്‌തൊപ്പി, ജിങ്കിൾബെൽസ്, ക്രിസ്‌മസ് ബൾബ് എന്നീ ‘പഴയതാരങ്ങളും’ വിപണിയിൽ സജീവമാണ്. ചെറുതും വലുതുമായ എല്ലാ അലങ്കാരങ്ങളിലും പുതിയ പരീക്ഷണങ്ങളാണ് ഇത്തവണയും. നൂറ്റമ്പതോളം ഡിസൈനുകളിൽ മിന്നിമറിയുന്ന എൽഡിഇഡി ജംബോ നക്ഷത്രങ്ങൾക്കാണ് ആവശ്യക്കാരേറെ. 50 രൂപ മുതൽ 800 രൂപവരെയാണ് കടലാസ് നക്ഷത്രങ്ങളുടെ ശരാശരിവില. എൽഇഡി നക്ഷത്രങ്ങൾക്ക് 120 രൂപ മുതൽ 4000 രൂപവരെ വിലയുണ്ട്. മെറ്റൽ, ഫൈബർ, പനയോല എന്നിവയിലെല്ലാം ഒരുക്കിയ പുൽക്കൂടുകളും എത്തിത്തുടങ്ങി. 10 രൂപക്ക് ലഭിക്കുന്ന കുഞ്ഞൻ ക്രിസ്‌മസ് അപ്പൂപ്പൻമാരുടെ രൂപങ്ങൾ മുതൽ ആയിരങ്ങൾ വിലയുള്ളവ വരെയുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കുമെല്ലാമുള്ള സാന്താക്ലോസ് വസ്‌ത്രങ്ങളും തയ്യാറാണ്. 300 രൂപ മുതൽ 4000 രൂപവരെ വിലയുണ്ട്. റെഡിമെയ്‌ഡ് ഉൽപ്പന്നങ്ങൾക്ക് പുറമെ അലങ്കാര വസ്‌തുക്കൾ നിർമിക്കാനുള്ള സാമഗ്രികളും വിപണിയിലുണ്ട്. ബേക്കറികളിൽ പുതിയ പരീക്ഷണങ്ങളുമായി ക്രിസ്‌മസ് കേക്കുകളും നിറഞ്ഞുതുടങ്ങി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..