കൽപ്പറ്റ
ചുണ്ടേലിൽ ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ കുന്നത്ത് പീടികയിൽ അബ്ദുൽ നവാസ് മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം പൊലീസിന് പരാതി നൽകി. അപകടത്തിന് കാരണമായ ജീപ്പ് ഓടിച്ച സുമിൽഷാദി (24)നെ ആശുപത്രിയിൽനിന്നും വിട്ടുകിട്ടിയാലുടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പൊലീസ് നിരീക്ഷണത്തിൽ ചികിത്സയിലാണിയാൾ. മനഃപൂർവമല്ലാത്ത നരഹത്യയ്‌ക്ക് വൈത്തിരി പൊലീസ് കേസെടുത്തിട്ടുണ്ട്.
തിങ്കൾ രാവിലെ 8.30ഓടെ അമ്മാറ–--ആനോത്ത് റോഡിൽ ചുണ്ടേൽ എസ്റ്റേറ്റ് ഫാക്ടറിക്ക് സമീപമായിരുന്നു മരണത്തിന് ഇടയാക്കിയ അപകടം. ഓട്ടോയുമായി എസ്റ്റേറ്റ് ഭാഗത്തേക്ക് പോകുകയായിരുന്ന നവാസിനെ എതിരെവന്ന ഥാർ ജീപ്പ് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. കുടുംബാംഗങ്ങളും നാട്ടുകാരും ദുരൂഹത ആരോപിച്ചതോടെ, വൈത്തിരി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം ചെയ്യാനെത്തിച്ച മൃതദേഹം പൊലീസ് സർജന്റെ സാന്നിധ്യത്തിൽ പോസ്റ്റ്‌മോർട്ടം ചെയ്യാൻ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
ചൊവ്വാഴ്‌ച പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം സംസ്‌കരിച്ചു. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ അപകടത്തിൽ സുഷുമ്നാനാഡി തകർന്നതാണ് മരണകാരണമെന്നും ദുരൂഹസാഹചര്യം കണക്കിലെടുത്ത് അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു. മലപ്പുറം നിലമ്പൂർ സ്വദേശിയായ സുമിൽഷാദ് ചുണ്ടേലിൽ ഹോട്ടൽ നടത്തുകയാണ്. ഇരുവരും തമ്മിൽ മുമ്പ് വാക്ക്‌തർക്കം നിലനിന്നിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..