കൽപ്പറ്റ
മഴയും മൂടിക്കെട്ടിയ കാലാവസ്ഥയും വിളവെടുപ്പ് കാലത്ത് കർഷകർക്ക് വിനയാവുന്നു. ഡിസംബറിൽ പതിവില്ലാത്ത മഴയും മേഘാവൃതമായ അന്തരീക്ഷവും കാപ്പി, നെൽ കർഷകരെയാണ് കൂടുതലായും ബാധിക്കുന്നത്. നെല്ല് വിളഞ്ഞ് പലയിടത്തും കൊയ്യാൻ പാകമായിരിക്കുകയാണ്. കാപ്പിയുടെ പ്രധാന വിളവെടുപ്പും ഡിസംബറിലാണ്.
ജില്ലയിൽ എല്ലായിടത്തും കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മഴ ലഭിക്കുന്നുണ്ട്. കൂടാതെ, വരുന്ന രണ്ട് മൂന്ന് ദിവസംകൂടി മഴയ്‌ക്ക് സാധ്യതയുണ്ടെന്നതും നെൽകർഷകർക്ക് ഭീഷണിയാണ്. തിരുനെല്ലി ഭാഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ചിരുന്നു. വിളഞ്ഞ് കൊയ്തെടുക്കാറായ നെൽച്ചെടികള്‍ മഴയത്ത് വയലിൽ വീണുപോകുകയാണെന്ന് തിരുനെല്ലിയിലെ നെൽകർഷകൻ സന്തോഷ് പറഞ്ഞു. വെള്ളം കെട്ടിക്കിടക്കുന്നത് കൊയ്‌ത്തിനും പ്രയാസമാകുന്നു. ചോമ, തൊണ്ടി, ഗന്ധകശാല വിത്തുകളാണ് ഇവിടെ നട്ടത്. മഴയത്ത് നെൽക്കതിരുകൾ വേഗം ചാഞ്ഞ് വീഴും. മഴ തുടർന്നാൽ ഇവ പാടത്ത് മുളയ്‌ക്കാനും സാധ്യതയുണ്ടെന്ന് സന്തോഷ് പറഞ്ഞു. കൊയ്‌ത്ത് നടത്തിയാൽ കൊയ്‌തിടുന്നവ വെയിലില്ലാത്തതിനാൽ എങ്ങനെ ഉണക്കും എന്ന ആശങ്കയുമുണ്ട്.
കാപ്പി നേരത്തേ പഴുക്കുന്നതിന് പിന്നാലെ ഡിസംബറിൽ കാലംതെറ്റി മഴ പെയ്യുന്നതും കാപ്പി കൃഷിയ്‌ക്ക് ദോഷം വരുത്തുകയാണ്. ഡിസംബറിലാണ് പ്രധാന വിളവെടുപ്പ് സമയമെങ്കിലും പല പ്രദേശങ്ങളിലും കാപ്പിക്കുരു നവംബറോടെ തന്നെ പഴുത്തുതുടങ്ങി. ഇവ വിളവെടുക്കുന്നതിനിടയിലാണ് മഴ പെയ്യുന്നത്. മഴയും ഈർപ്പമുള്ള കാലാവസ്ഥയുമായതിനാൽ കാപ്പി ഉണക്കാൻ കഴിയുന്നില്ലെന്ന് കർഷകർ പറഞ്ഞു. മൂടിക്കെട്ടിയ അന്തരീക്ഷം തുടർന്നാൽ കാപ്പി പൂത്തുപോവും. മുൻകാലങ്ങളിൽനിന്ന് വ്യത്യസ്‌തമായി പല കാപ്പിത്തോട്ടങ്ങളിലും ഉൽപ്പാദനവും കുറവാണ്.
വരവൂർ പാടത്തും ആശങ്ക
പുൽപ്പള്ളി
അപ്രതീക്ഷിതമായി പെയ്ത മഴ പുൽപ്പള്ളി ഭാഗത്തും കൊയ്‌ത്ത് പ്രതിസന്ധിയിലാക്കുന്നു. വരവൂർ പാടശേഖര സമിതിയുടെ കീഴിലുള്ള 40 ഏക്കർ വയൽ കൊയ്തെടുക്കാറായതാണ്. കഴിഞ്ഞ ദിവസം പെയ്ത മഴയിൽ നെൽച്ചെടികള്‍ വീണു തുടങ്ങിയിട്ടുണ്ട്. മഴ തുടർന്നാൽ കൊയ്തെടുക്കുവാൻ വളരെയേറെ ബുദ്ധിമുട്ട് ഉണ്ടാകുമെന്ന് പാടശേഖര സമിതി സെക്രട്ടറി രഞ്ജിത്ത് ഇളംതുരുത്തിയിൽ പറഞ്ഞു. പൂർണമായും വീണുപോകും മുമ്പേ നെല്ല് കൊയ്തെടുക്കാനാവുന്നില്ലെങ്കിൽ കർഷകർക്ക് വലിയ നഷ്ടം സംഭവിയ്ക്കും. കർഷകരായ സെബാസ്റ്റ്യൻ ആരാശ്ശേരിയിൽ, എബി തുരുത്തിയിൽ, പ്രസാദ് പുത്തൻവീട് എന്നിവരും ഈ പ്രയാസം പങ്കുവയ്‌ക്കുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..