വൈത്തിരി
കർണാടകയിൽനിന്ന് വിദ്യാർഥികളുമായി വിനോദയാത്രയ്‌ക്കുവന്ന ടൂറിസ്റ്റ് ബസ് താഴ്‌ചയിലേക്ക് മറിഞ്ഞ് 21 പേർക്ക് പരിക്ക്. കർണാടക മൈസൂർ കുടക് ജില്ലയിലെ ഹാരനഹള്ളി കെപിഎസ് ഗവ. ഹൈസ്‌കൂളിൽനിന്നുള്ള വിദ്യാർഥികളും അധ്യാപകരുമടങ്ങിയ സംഘമാണ് അപകടത്തിൽപ്പെട്ടത്. പൂക്കോട് വെറ്ററിനറി സർവകലാശാലയ്ക്ക് സമീപം ബുധൻ പുലർച്ചെ 3.30ഓടെയായിരുന്നു അപകടം. 47 വിദ്യാർഥികളും ഒമ്പത് അധ്യാപകരും ഒരു പാചകത്തൊഴിലാളിയുമാണ് സംഘത്തിലുണ്ടായിരുന്നത്. സോണിയ (15), ഹന്ദന (14), ബാന്ധവ്യ (15), പ്രിയങ്ക (15), നിഖിത (15), നന്ദന (14), മോണിക്ക (15), ധനുഷ് (15), നൂതന്‍കുമാര്‍ (15), റീത്ത (15), കീര്‍ത്തി (15), യശ്വിനി (15), വിനോദ് (15), അനുഷ (15), പുഷ്പിത (14), ദയാനന്ത് (34), മഹാദേവ പ്രസാദ് (37), സുനിത (30), ശങ്കര്‍ (50), രാജന്‍ (72), ബിനീഷ് (44) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ആരുടേയും പരിക്ക് ഗുരുതരമല്ല. രാജനേയും ബിനീഷിനേയും മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. റോഡരികിലെ കലുങ്കിലിടിച്ച് തലകീഴായി മറിഞ്ഞാണ് ബസ് താഴ്ചയിൽ എത്തിയത്. സംഭവം കണ്ടുനിന്ന നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. തുടർന്ന് വൈത്തിരി പൊലീസും കൽപ്പറ്റയിൽനിന്ന് അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. പൊലീസ് വാഹനത്തിലും അഗ്നിരക്ഷാസേനയുടെ ആംബുലൻസിലും മറ്റ് സ്വകാര്യ വാഹനങ്ങളിലുമാണ് പരിക്കേറ്റവരെ വൈത്തിരി താലൂക്ക് ഗവ. ആശുപത്രിയിൽ എത്തിച്ചത്. ഡ്രൈവർ ഉറങ്ങിപ്പോയെന്നാണ് പ്രാഥമിക നിഗമനം. ബസിന്റെ മുൻവശം തകർന്നു. സമീപത്തെ പുഴയിലേക്ക് ബസ് പതിച്ചിരുന്നെങ്കിൽ വലിയ അപകടം സംഭവിക്കുമായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..