കൽപ്പറ്റ
കാനനസൗന്ദര്യം തേടി ഇക്കോ ടൂറിസം കേന്ദ്രങ്ങളിലേക്കും കൂട്ടത്തോടെ സഞ്ചാരികൾ. ചെമ്പ്രയും കുറുവയും മീൻമുട്ടിയുമെല്ലാം ആസ്വദിക്കാനെത്തുന്നവർ ഏറെ. കോടതി ഉത്തരവിനെ തുടർന്ന് എട്ടുമാസത്തോളം അടഞ്ഞുകിടന്ന ടൂറിസം കേന്ദ്രങ്ങൾ ആഴ്‌ചകൾക്കുമുമ്പാണ് തുറന്നത്. എന്നാൽ ടിക്കറ്റ് പരിമിതമാക്കിയത് തിരിച്ചടിയാണ്. കേന്ദ്രങ്ങളിലെത്തി സഞ്ചാരികൾ നിരാശയോടെ മടങ്ങുകയാണ്. സന്ദർശകരുടെ എണ്ണം വർധിപ്പിക്കണമെന്ന ആവശ്യം ശക്തമാണ്.
അടച്ചിടലിനുശേഷം ആദ്യം കുറുവ ദ്വീപും പിന്നീട് ചെമ്പ്രാപീക്കും ബാണാസുര മീൻമുട്ടിയും തുറന്നു. ഒന്നുമുതൽ സൂചിപ്പാറയിലേക്കും പ്രവേശനം അനുവദിച്ചു.
വെള്ളി മുതൽ മുഴുവൻ ടൂറിസം കേന്ദ്രങ്ങളിലും തിരക്കായിരുന്നു. ആയിരത്തിഅഞ്ഞൂറോളം പേർ നിത്യവും എത്തിയിരുന്ന സൂചിപ്പാറയിൽ നിലവിൽ 500 പേർക്കാണ് പ്രവേശനം. സഞ്ചാരികൾ അതിരാവിലെയെത്തി ടിക്കറ്റിനായി വരിനിൽക്കുകയാണ്. കൗണ്ടർ തുറന്ന് മണിക്കൂറുകൾക്കകം അടയ്‌ക്കും. 78,000 രൂപയാണ് ഇപ്പോൾ ശരാശരി വരുമാനം.
ചെമ്പ്രാപീക്കിൽ ദിവസം 88 പേർക്കാണ് പ്രവേശനം. പുലർച്ചെ സഞ്ചാരികളെത്തും. രാവിലെ ഏഴുമുതലാണ് പ്രവേശനം. നേരത്തെ 200 പേർക്ക് പ്രവേശനമുണ്ടായിരുന്നു. ടിക്കറ്റ് വിതരണം ആരംഭിക്കുന്നതിന് മുമ്പുതന്നെ കൂടുതൽ പേർ വരിയിലുണ്ടാകും. വെള്ളി–- 71,315 രൂപ, ശനി–-80,249 രൂപ, ഞായർ–- 66,856 രൂപയുമാണ് വരുമാനം.
മീൻമുട്ടിയിൽ 500 പേർക്കാണ് പ്രവേശനം. മൂന്ന് ദിവസങ്ങളിലും രാവിലെ തന്നെ 500 പേരെത്തി. 30,000 രൂപയാണ് ശരാശരി വരുമാനം. കുറുവ ദ്വീപിൽ പാൽവെളിച്ചം, പാക്കം കവാടങ്ങളിലൂടെ 489 പേർക്കാണ് പ്രവേശനം. ഇവിടെയും തിരക്കേറി. ഒരു ലക്ഷത്തോളം രൂപയാണ് നിത്യവരുമാനം. ടിക്കറ്റ് ലഭിക്കാതെ നിരവധി പേരാണ് കുറുവയിൽനിന്ന് മടങ്ങുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..