കൽപ്പറ്റ
കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയായി കൽപ്പറ്റ നഗരം കീഴടക്കി വീണ്ടും തെരുവുനായക്കൂട്ടം. കൽപ്പറ്റയിലെ വിവിധ ഭാഗങ്ങളിൽ മാസങ്ങളായി കൂട്ടംകൂടി അലഞ്ഞുതിരിഞ്ഞ് നടക്കുന്ന തെരുവ് നായ്‌ക്കളാണ് നഗരത്തെ ഭീതിയിലാക്കുന്നത്. ഇരുപതോളം നായ്‌ക്കളാണ് നഗരം ചുറ്റുന്നത്.
ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽവരെ കയറുന്ന നായക്കൂട്ടം യാത്രക്കാരെയടക്കം ഭീതിയിലാക്കുന്നു.
പഴയ ബസ് സ്റ്റാന്‍ഡ് പരിസരം, എച്ച്ഐഎം യുപി സ്‌കൂളിനു സമീപം, അനന്തവീര തിയറ്ററിനു സമീപം, പള്ളിത്താഴെ റോഡ്, പുതിയ ബസ് സ്റ്റാന്‍ഡ് പരിസരം, മാര്‍ക്കറ്റ് പരിസരം എന്നിങ്ങനെ നഗരത്തിലെ പ്രധാനപ്പെട്ട റോഡുകളിലെല്ലാം നായകളെത്തും. കഴിഞ്ഞ ദിവസം ബൈപാസിൽ ഇരുചക്ര വാഹന യാത്രക്കാർക്ക് നേരെ കുരച്ചുചാടി. റോഡിൽനിന്ന് പരസ്പരം കടികൂടും. വിദ്യാർഥികളടക്കം ഭയന്നാണ് നടന്നുപോവുന്നത്. അമ്പിലേരി, മുണ്ടേരി, മരവയല്‍ മേഖലകളിലും ശല്യം രൂക്ഷമാണ്. നായ്‌ക്കൾ വീട്ടുപരിസരങ്ങളിലും കൂട്ടംകൂടി എത്തുന്നതായും പരാതിയുണ്ട്. പലരും നായ്ക്കളുടെ ആക്രമണത്തില്‍നിന്നു കഷ്ടിച്ചാണ് രക്ഷപ്പെടുന്നത്. തെരുവുനായ്ക്കളെ ഭയന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ പ്രഭാതസവാരി ഉപേക്ഷിച്ചു. കൽപ്പറ്റയിലും പരിസരപ്രദേശങ്ങളിലും തെരുവുനായശല്യം രൂക്ഷമാകുമ്പോഴും നിയന്ത്രിക്കുന്നതിന് ഫലപ്രദമായ പദ്ധതിയില്ലാത്തത് തിരിച്ചടിയാകുന്നുവെന്ന ആക്ഷേപവുമുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 200ലധികം പേര്‍ക്ക് തെരുവുനായ്ക്കളുടെ കടിയേറ്റിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..