ചുണ്ടേൽ
ഓട്ടോഡ്രൈവർ നവാസിന്റെ കൊലപാതകത്തിലേക്ക് സഹോദരങ്ങളായ സുമിൽഷാദിനെയും അജിൻഷാദിനെയും നയിച്ചത് വ്യക്തിവൈരാഗ്യവും കൂടോത്രം വച്ചെന്ന സംശയവും. മലപ്പുറം നിലമ്പൂർ വഴിക്കടവ് സ്വദേശികളായ പ്രതികൾ നാലുവർഷമായി ചുണ്ടേലാണ് താമസം. ബാപ്പ സുൽഫിക്കറിനൊപ്പം ഹോട്ടൽ നടത്തുകയായിരുന്നു. കൊല്ലപ്പെട്ട നവാസുമായി പ്രതികളുടെ ബാപ്പ സുൽഫീക്കർ മുമ്പ് തർക്കത്തിൽ ഏർപ്പെട്ടിരുന്നു. നവാസിന്റെ ഭാര്യയുടെ ഉമ്മയുടെ സ്‌റ്റേഷനറി കടയുടെ എതിർവശത്താണ് പ്രതികളുടെ ഹോട്ടൽ. കഴിഞ്ഞ 30ന് പുലർച്ചെ ആരോ ഹോട്ടലിന് മുമ്പിൽ കോഴിത്തലയും മറ്റുമായി കൂടോത്രം നടത്തിയ സിസിടിവി ദൃശ്യങ്ങളുണ്ട്. കൂടോത്രം ചെയ്‌തത് നവാസാണെന്ന് ആരോപിച്ചാണ് പ്രതികൾ വാഹനാപകടം സൃഷ്‌ടിച്ച് കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. പ്രതികൾ ലഹരിക്ക് അടിമയാണെന്നാണ് നാട്ടുകാരുടെ ആരോപണം. ഒന്നാം പ്രതി സുമിൽഷാദിനെതിരെ ലഹരിക്കേസും നിലവിലുണ്ട്. പ്രദേശത്ത് ലഹരി കച്ചവടം അനുവദിക്കാതിരുന്ന നവാസിനോടുള്ള വൈരാഗ്യവും പ്രതികൾക്കുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..